പരസ്പര വാണിജ്യത്തിന് ഡോളറിനു പകരം റൂബിളും രൂപയും ഉപയോഗിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും റഷ്യയുമായി നടന്ന ചർച്ചകൾ നിർത്തിവച്ചു

0

പരസ്പര വാണിജ്യത്തിന് ഡോളറിനു പകരം റൂബിളും രൂപയും ഉപയോഗിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും റഷ്യയുമായി നടന്ന ചർച്ചകൾ നിർത്തിവച്ചു. റഷ്യയിൽ നിന്ന് ഇന്ത്യ പെട്രോളിയവും കൽക്കരിയും വാങ്ങി അങ്ങോട്ട് കൊടുക്കേണ്ട രൂപ വളരെ കൂടുതലായതാണു കാരണം.
ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് പരസ്പര വാണിജ്യത്തിന്റെ വളരെ വലിയ ഭാഗം. റഷ്യ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതു വളരെ കുറവുമാണ്. അങ്ങനെ വരുമ്പോൾ വർഷം 4000 കോടി ഡോളറിന് തുല്യമായ ഇന്ത്യൻ രൂപ (3.2 ലക്ഷം കോടി രൂപ) റഷ്യയിൽ കുമിഞ്ഞുകൂടുന്ന സ്ഥിതിയാവും. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കല്ലാതെ വേറൊന്നിനും രൂപ ഉപയോഗിക്കാനും കഴിയില്ല. അതിനാൽ റഷ്യയ്ക്ക് രൂപ ഇടപാടിൽ താൽപര്യമില്ലാതായി.


യുക്രെയ്ൻ യുദ്ധത്തിനു ശേഷമാണ് രൂപയിലും റൂബിളിലും പരസ്പരം വാണിജ്യം നടത്തുന്നതു സംബന്ധിച്ച ചർച്ചകൾ ഊർജിതമായത്. ഇതുവരെ ഡോളറിലോ യുഎഇ ദിർഹം പോലുള്ള മറ്റു കറൻസികളിലോ ആണ് ഇന്ത്യ റഷ്യൻ എണ്ണയ്ക്ക് പ്രതിഫലം നൽകിയിരുന്നത്. ചൈനയിൽ നിന്നു റഷ്യയിലേക്ക് ഇറക്കുമതി ഏറെയുള്ളതിനാൽ അതിനു പ്രതിഫലം നൽകാൻ റഷ്യയ്ക്ക് ചൈനീസ് യുവാൻ കിട്ടാനും താൽപര്യമുണ്ട്.

യുദ്ധം തുടങ്ങിയ ശേഷം റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി 5 ഇരട്ടിയായി വർധിച്ചിട്ടുണ്ട്. യുദ്ധം തുടങ്ങിയ ശേഷം കഴിഞ്ഞ ഏപ്രിൽ 5 വരെ ഇന്ത്യ 5130 കോടി ഡോളർ വില വരുന്ന റഷ്യൻ എണ്ണ വാങ്ങി. മുൻ വർഷം ഇതേ കാലയളവിൽ ഇന്ത്യ വാങ്ങിയത് 1060 കോടി ഡോളർ വില വരുന്ന എണ്ണ മാത്രം.

മറ്റു രാജ്യങ്ങളുമായും രൂപയിൽ ഇടപാട് നടത്തുന്നതിന്റെ പ്രധാന തടസ്സം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കുറവും ഇറക്കുമതി കൂടുതലും ആണെന്നതാണ്. ആഗോള കയറ്റുമതിയുടെ 2% മാത്രമാണ് ഇന്ത്യയുടേത്

LEAVE A REPLY

Please enter your comment!
Please enter your name here