ആലപ്പുഴ : ശരദ് പവാര്‍ ദേശീയ അധ്യക്ഷ സ്‌ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും എന്‍.സി.പി, എന്‍.ഡി.എ പാളയത്തിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്‌തമാകുകയും ചെയ്‌തതോടെ ആശങ്കയോടെ പാര്‍ട്ടി കേരളാ ഘടകം. സംസ്‌ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബി.ജെ.പിയോട് അടുക്കുന്നതിനോട് പ്രധാനനേതാക്കളെല്ലാം എതിരാണ്. പാര്‍ട്ടി കേരളത്തില്‍ എല്‍.ഡി.എഫിന്റെ ഭാഗമായി തുടരണമെന്ന കാര്യത്തില്‍ നേതാക്കള്‍ പൊതുവേ അഭിപ്രായ ഐക്യമുള്ളവരുമാണ്.
ശരദ് പവാറിന്റെ നേതൃത്വം പൂര്‍ണമായി അംഗീകരിച്ചുവരുന്ന കേരളത്തിലെ നേതാക്കള്‍ അദ്ദേഹം സ്വീകരിക്കുന്ന നിലപാടിനായി കാത്തിരിക്കുകയാണ്. തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് കേരളത്തിലെ പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനമുള്ള മന്ത്രി എ.കെ ശശീന്ദ്രന്‍ പവാറിനെ ഫോണില്‍ ബന്ധപ്പെട്ട് അഭിപ്രായം വ്യക്‌തമാക്കിയിരുന്നു. സംസ്‌ഥാന പ്രസിഡന്റ് പി.സി ചാക്കോയ്‌ക്കും ഇതേ അഭിപ്രായമാണെന്നാണ് പ്രധാന നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം.
കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പ് വേളയില്‍ ഇരുചേരികളായിനിന്ന ശശീന്ദ്രന്‍, ചാക്കോ വിഭാഗങ്ങള്‍ ദേശീയ നേതൃത്വത്തിന്റെ കൂടി ഇടപെടലിനെ തുടര്‍ന്ന് സമവായത്തിന് സന്നദ്ധരായിരുന്നു. അങ്ങനെയാണ് എട്ട് ജില്ലാ കമ്മിറ്റികള്‍ കൂടെയുണ്ടായിട്ടും പി.സി ചാക്കോയ്‌ക്ക് വീണ്ടും സംസ്‌ഥാന അധ്യക്ഷ സ്‌ഥാനം വിട്ടുനല്‍കാന്‍ ശശീന്ദ്രന്‍ പക്ഷം തയാറായത്.
അജിത് പവാര്‍ നേതൃപദവിയിലേക്ക് വന്നാല്‍ ദേശീയതലത്തില്‍ പാര്‍ട്ടി ബി.ജെ.പി അനുകൂല നിലപാടിലേക്ക് പോകുമെന്ന ആശങ്ക സംസ്‌ഥാന നേതാക്കളില്‍ പലര്‍ക്കുമുണ്ട്. അങ്ങനെ വന്നാല്‍ ദേശീയ ഘടകവുമായുള്ള ബന്ധം വിച്‌ഛേദിച്ച് കേരള എന്‍.സി.പി എന്ന ലേബലില്‍ ഇടതുമുന്നണിക്കൊപ്പം തുടരാനാണു സാധ്യത. മുമ്പ് മഹാരാഷ്‌ട്രയിലും ഗുജറാത്തിലും എന്‍.സി.പി ബി.ജെ.പി അനുകൂല നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ കേരള ഘടകം ശക്‌തമായ വിയോജിപ്പാണു പ്രകടിപ്പിച്ചിരുന്നത്.