നരേന്ദ്ര മോദിയുടെ റോഡ്ഷോയ്ക്ക് കര്‍ണാടകത്തില്‍ തുടക്കം ; കോണ്‍ഗ്രസ് നേതാക്കളും ഇന്ന് പ്രചരണത്തിനെത്തും

0


ബെംഗളൂരു: ബിജെപി പ്രവർത്തകരുടെ പുഷ്പവൃഷ്ടിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോയ്ക്ക് കര്‍ണാടകത്തില്‍ തുടക്കമായി. രാവിലെ പത്തിന് സോമേശ്വര സഭാ ഭവൻ പരിസരത്ത് നിന്നും ആരംഭിച്ച റോഡ്ഷോ 17 മണ്ഡലങ്ങളിലൂടെ കടന്നുപോകും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ മാസ് എന്‍ട്രിയുടെ പിന്‍ബലത്തില്‍ മേല്‍ക്കൈ നേടാനാണ് ബിജെപിയുടെ ശ്രമം.

സോമേശ്വര സഭാ ഭവൻ പരിസരത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി തടിച്ചുകൂടിയ ബിജെപി പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പത്ത് കിലോമീറ്റർ സഞ്ചരിച്ച് മല്ലേശ്വരം ക്ഷേത്ര പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. രാജ്ഭവനിൽ തങ്ങുന്ന മോദി ഞായറാഴ്ച്ച 26 കിലോമീറ്റർ ആണ് ബെംഗളൂരുവിൽ റോഡ് ഷോ നടത്തുക.

ബജ്റംഗദള്‍ നിരോധിക്കും എന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനമാണ് ബിജെപി ‍പുതിയ ആയുധമാക്കിയിരിക്കുന്നത്. പ്രചാരണ വേദികളില്‍ ബജ്രംഗ്ദളിന് ജയ് വിളിച്ച് പ്രസംഗം തുടങ്ങുന്ന പ്രധാനമന്ത്രി ബജ്റംഗ് ദള്‍ നിരോധനത്തിലൂടെ ഹനുമാന്‍ വിശ്വാസം അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപിച്ചു. കോണ്‍ഗ്രസ് ഭരണത്തില്‍ വന്നാല്‍ ഹനുമാന്റെ നാമം പോലും ഉച്ചരിക്കാന്‍ അനുവദിക്കില്ല എന്നും പറഞ്ഞു.

തീവ്ര ഹൈന്ദവ വികാരം ആളിക്കത്തിച്ച് വോട്ടു പിടിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബജ്റംഗദള്‍ വിഷയം ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ മതത്തിന്റെ പേരില്‍ മോദി വോട്ട് പിടിക്കുന്നു എന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഇക്കാര്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. മതസൗഹാര്‍ദം യാഥാര്‍ത്ഥ്യമാക്കാന്‍ തീവ്രവാദ സംഘടനകളെ നിരോധിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് നേതാക്കളും ഇന്ന് കര്‍ണാടകത്തിലുണ്ട്. പ്രചരണത്തിന് സോണിയാഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നുണ്ട്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിവിധ ഇടങ്ങളിൽ ഇന്ന് പ്രചാരണം നടത്തും. ഹുബ്ലിയിലാണ് സോണിയ ഗാന്ധിയുടെ പ്രചാരണം. മെയ് 13 നാണ് കര്‍ണാടകത്തിലെ വോട്ടെണ്ണല്‍ നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here