മാനഭംഗക്കേസിൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചയാൾ വീണ്ടും വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ

0

മാനഭംഗക്കേസിൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചയാൾ വീണ്ടും വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ. ഞാറയ്ക്കൽ മണപ്പുറത്ത് വീട്ടിൽ ആനന്ദൻ (42) നെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് പുതുവൈയ്‌പ്പ് ഭാഗത്ത് വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയുടെ സമീപം സ്‌കൂട്ടറിലെത്തിയ ഇയാൾ എൽ.എൻ.ജി യിൽ ജോലി ഒഴിവുണ്ടെന്നും ഇപ്പോൾ തന്നെ ചെന്നാൽ വീട്ടമ്മയ്‌ക്കോ പരിചയത്തിലുള്ള മറ്റാർക്കെങ്കിലുമോ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് തന്ത്രപൂർവ്വം സ്‌കൂട്ടറിൽ കയറ്റുകയായിരുന്നു.

തുടർന്ന് ഇയാളുടെ സ്‌കൂട്ടറിൽ കയറിയ വീട്ടമ്മയെ പുതുവൈപ്പ് എൽ.എൻ.ജി ഭാഗത്തുള്ള ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി. ഇയാളുടെ പ്രവർത്തിയിൽ സംശയം തോന്നിയ വീട്ടമ്മ പലവട്ടം സ്‌കൂട്ടർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതിരുന്നതിനെ തുടർന്ന് സ്‌കൂട്ടറിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറിൽ നിന്നുള്ള വീഴ്ചയിൽ വീട്ടമ്മയ്ക്ക് സാരമായ പരിക്കേറ്റു. മുമ്പ് സമാനമായ രണ്ട് കേസുകളും ആനന്ദനെതിരെ ഞാറയ്ക്കൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2016 ൽ ബസ്സ് കാത്ത് നിന്ന 67 വയസ്സുള്ള സ്ത്രീയെ ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരിക്കുന്ന ഭർത്താവിന്റെ സമീപത്ത് എത്തിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്‌കൂട്ടറിൽ കയറ്റി കളമശ്ശേരി എച്ച്.എം.റ്റി ക്വാർട്ടേഴ്‌സ് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മാനഭംഗപ്പെടുത്തിയിരുന്നു. ഈ കേസിൽ ആനന്ദനെ എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെക്ഷൻസ് കോടതി പത്ത് വർഷത്തെ കഠിന തടവും, 25000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിൽ പോകുകയായിരുന്നു.

ജാമ്യത്തിലിരിക്കേയാണ് ഇപ്പോൾ സമാനമായ കേസിൽ പ്രതിയാകുന്നത്. കൂടാതെ 2021 ൽ 53 വയസ്സുള്ള മറ്റൊരു വീട്ടമ്മയെ സ്‌കൂട്ടറിൽ കയറ്റി പുതുവൈപ്പ് എൽ.എൻ.ജി ഭാഗത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. നിസാര പരിക്കുകളോടെ വീട്ടമ്മ അന്ന് രക്ഷപ്പെടുകയായിരുന്നു.ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുന്നതിന് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ രാജൻ കെ അരമന, എസ്‌ഐ മാരായ അഖിൽ വിജയകുമാർ. വന്ദന കൃഷ്ണൻ, എഎസ്ഐ കെ.എ.റാണി, എസ്. സി.പി.ഒ മാരായ കെ.ജെ. ഗിരിജാവല്ലഭൻ, എ.യു, ഉമേഷ്, സി.പി.ഒ മാരായ സൂജേഷ് കുമാർ, ആന്റെണി ഫ്രെഡി, ഒ.ബി.സുനിൽ, എ.എ. അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply