കൊച്ചി പോലീസ്‌ കമ്മിഷണറുടെ വെളിപ്പെടുത്തല്‍ ‘പോലീസുകാരുടെ മക്കളും ലഹരിക്ക്‌ അടിമകള്‍’

0


അങ്കമാലി: സംസ്‌ഥാനത്ത്‌ പോലീസുകാരുടെ മക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി സിറ്റി പോലീസ്‌ കമ്മിഷണര്‍ കെ. സേതുരാമന്‍ പറഞ്ഞു. കേരള പോലീസ്‌ അസോസിയേഷന്റെ സംസ്‌ഥാന സമ്മേളന വേദിയിലായിരുന്നു കമ്മിഷണറുടെ പരാമര്‍ശം.
തിരുവനന്തപുരത്തു നമ്മുടെയൊരു സഹപ്രവര്‍ത്തകന്റെ മകന്‍ മയക്കുമരുന്നിന്‌ അടിമയായി കൊല്ലപ്പെട്ടു. നിരവധി കേസുകളാണ്‌ ഇത്തരത്തിലുള്ളത്‌. എല്ലാ റാങ്കിലും ഉള്‍പ്പെടുന്ന പോലീസുദ്യോഗസ്‌ഥരുടെ മക്കള്‍ മയക്കുമരുന്നിന്‌ അടിമപ്പെട്ടീട്ടുണ്ട്‌.
നമ്മുടെ ക്വാര്‍ട്ടേഴ്‌സുകളില്‍ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവര്‍ വര്‍ധിച്ചിട്ടുണ്ട്‌. തിരുവനന്തപുരത്ത്‌ ഒരു എസ്‌.പിയുടെ രണ്ടു മക്കളും മയക്കുമരുന്നിന്‌ അടിമയായി. പോലീസുദ്യോഗസ്‌ഥരുടെ മക്കളുള്‍പ്പെടെ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നുവെന്ന വാര്‍ത്ത സഹിക്കാന്‍ പറ്റാത്തതാണ്‌. കേരളത്തില്‍ കഞ്ചാവും എം.ഡി.എം.എയുമാണ്‌ അധികം ഉപയോഗിക്കുന്നത്‌. ഇതിന്‌ അഡിക്‌ഷന്‍ കൂടുതലാണ്‌. മറ്റു സംസ്‌ഥാനങ്ങളില്‍ കൊക്കെയിന്‍, ഹെറോയില്‍ എന്നിവയാണു അധികവും ഉപയോഗിക്കുന്നത്‌. ഇതിനു താരതമേന അഡിക്‌ഷന്‍ കുറവാണ്‌. എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട അവസരമാണിതെന്നും കമ്മിഷണര്‍ പറഞ്ഞു.
സംസ്‌ഥാനത്ത്‌ വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തിനെതിരേ കേരള പോലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തുന്നതിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന്‌ സംസ്‌ഥാന ഭാരവാഹികള്‍ പറഞ്ഞു. സേവനവേതന രംഗത്തെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതോടൊപ്പം ഓരോ പൗരനും പൂര്‍ണമായി എങ്ങനെ നീതി ഉറപ്പാക്കാമെന്നും എങ്ങനെ ജനപക്ഷ പോലീസായി മാറാമെന്നും ചര്‍ച്ച ചെയ്യപ്പെടുന്നതായി സമ്മേളനം മാറുമെന്ന്‌ ഭാരവാഹികളായ സംസ്‌ഥാന പ്രസിഡന്റ്‌ ആര്‍. പ്രശാന്ത്‌, സംസ്‌ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു, ട്രഷറാര്‍ കെ.എസ്‌. ഔസേഫ്‌, സ്വാഗതസംഘം ചെയര്‍മാന്‍ ജെ. ഷാജിമോന്‍, ജനറല്‍ കണ്‍വീനര്‍ ബെന്നി കുരിയാക്കോസ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here