നിർധനരായ രോഗികൾക്ക് കരുണയുടെ പ്രസാദവുമായി കാടാമ്പുഴ ക്ഷേത്രം

0

രോഗംകൊണ്ട് പൊറുതിമുട്ടുന്ന നിർധനരായ രോഗികൾക്ക് കരുണയുടെ പ്രസാദവുമായി കാടാമ്പുഴ ക്ഷേത്രം. ക്ഷേത്രം നടത്തുന്ന ധർമപദ്ധതികളുടെ ഭാഗമായി കാടാമ്പുഴ ദേവസ്വം നിർമ്മിച്ച ചാരിറ്റബിൾ ഹോസ്പിറ്റൽ ആൻഡ് ഡയാലിസിസ് സെന്ററാണ് കരുണകൊണ്ട് ഇനി അനുഗ്രഹംചൊരിയുക. ഈ ആശുപത്രി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

ആശുപത്രി തുറക്കുന്നതോടെ നിർധനരായ ഒട്ടേറെ വൃക്കരോഗികൾക്കത് ദൈവികമായ തലോടലാകും. ഒരു ദേവസ്വത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുതന്നെ ആദ്യമായാണ് സൗജന്യ ഡയാലിസിസ് സെന്റർ. ‘മാനവസേവ മാധവ സേവ’ എന്ന സന്ദേശമുയർത്തി കാടാമ്പുഴ ദേവസ്വം വർഷങ്ങളായി തുടരുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമാണ് പുതിയ ഡയാലിസിസ് കേന്ദ്രവും ആശുപത്രിയും.

വൃക്കയുടെ രൂപത്തിൽ പണിത 10,000 ചതുരശ്രയടിയിലുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. 25 ഡയാലിസിസ് യന്ത്രങ്ങൾ ഇവിടെയുണ്ടാകും. പത്തു ഡയാലിസിസ് യന്ത്രങ്ങൾ സജ്ജമായി. പത്തുകോടി രൂപയാണ് ആദ്യഘട്ടത്തിനു ചെലവായത്.1988 മുതൽ പ്രവർത്തിക്കുന്ന ധർമാശുപത്രിയുടെ തുടർച്ചയായാണ് നിർധനരായ വൃക്കരോഗബാധിതർക്ക് പ്രയോജനപ്പെടുന്ന സൗജന്യചികിത്സാകേന്ദ്രം ആരംഭിക്കുന്നത്. ഭാവിയിൽ നെഫ്രോളജി വിഭാഗത്തിന് പ്രാധാന്യംനൽകുന്ന ആശുപത്രിയും ഗവേഷണകേന്ദ്രവുമായി കേന്ദ്രത്തെ മാറ്റിയെടുക്കുകയാണു ലക്ഷ്യം.

ചൊവ്വാഴ്ച രാവിലെ 11.30-ന് ഡയാലിസിസ് സെന്റർ പരിസരത്തുനടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ് കുമാർ പദ്ധതി വിശദീകരിക്കും. കായികമന്ത്രി വി. അബ്ദുറഹ്‌മാൻ, പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎ. എന്നിവർ മുഖ്യാതിഥികളാവും.

Leave a Reply