കെ.എം. ഷാജിക്കെതിരേയുള്ള വിജിലന്‍സ് കേസുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

0

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേയുള്ള വിജിലന്‍സ് കേസുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും.

എഫ്.ഐ.ആര്‍ തള്ളിയതിനെത്തുടര്‍ന്നു മുഖ്യമന്ത്രിയെ കെ.എം. ഷാജി അതിനിശിതമായി വിമര്‍ശിച്ചിരുന്നു. പിണറായി വിജയന് ജനാധിപത്യ രീതിയില്‍ ഏറ്റ 52 വെട്ടാണ് സുപ്രീം കോടതി വിധിയെന്നായിരുന്നു ഷാജി പറഞ്ഞത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇതു സംബന്ധിച്ച ഫയല്‍ ഡല്‍ഹിക്ക് അയച്ചിട്ടുണ്ട്.

അഴിമതിക്കേസില്‍ ഷാജിയെ വിചാരണ ചെയ്യണമെന്നാണു സര്‍ക്കാര്‍ നിലപാട്. കൈക്കൂലി ആരോപണത്തില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭനാണ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സില്‍ പരാതി നല്‍കിയത്. പ്രാഥമികാന്വേഷണം നടത്താമെന്നായിരുന്നു വിജിലന്‍സിന് നിയമോപദേശം ലഭിച്ചത്. തുടര്‍ന്നു നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കൈക്കൂലി കേസില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി.

അതേ സമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കെ.എം. ഷാജിക്കെതിരേ പരാതി വന്നതെന്ന് ഷാജിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. മുസ്‌ലിംലീഗില്‍ തന്നെ ഒരു വിഭാഗത്തിന്റെ പിന്തുണയും സര്‍ക്കാരിനുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here