മനുഷ്യക്കടത്ത്‌: ഏജന്റ്‌ ബാഷ അറസ്‌റ്റില്‍ , അറസ്‌റ്റിലായത്‌ തമിഴ്‌നാട്‌ സ്വദേശി

0


അങ്കമാലി: മനുഷ്യക്കടത്തിനായി തമിഴ്‌നാട്‌ സ്വദേശികളായ സ്‌ത്രീകളെ നെടുമ്പാശേരി വിമാനത്താവളം വഴി കുവൈത്തിലേക്ക്‌ കടത്താന്‍ ശ്രമിച്ച കേസില്‍ ഏജന്റ്‌ അറസ്‌റ്റില്‍.
തമിഴ്‌നാട്‌ ചെങ്കം കുപ്പാനത്തം ബാഷ(33)യെയാണ്‌ എറണാകുളം റൂറല്‍ ജില്ലാ ൈക്രംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഫസലുള്ള എന്നയാളെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. 2022 ജൂലൈ 17-ന്‌ ആണ്‌ വിദേശത്തേക്ക്‌ കടത്താന്‍ ഏഴ്‌ യുവതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്‌.
ഇതിന്റെ അന്വേഷണം ജില്ലാ പോലീസ്‌ മേധാവി വിവേക്‌ കുമാറിന്റെ മേല്‍ നോട്ടത്തില്‍ നടന്നുവരികെയാണ്‌ ഒളിവില്‍ കഴിയുകയായിരുന്ന ഏജന്റിനെ തമിഴ്‌നാട്ടില്‍നിന്നും പിടികൂടിയത്‌. ചെങ്കത്ത്‌ ഖലീഫ എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുകയാണ്‌ ബാഷ. ഉള്‍ഗ്രാമങ്ങളില്‍നിന്ന്‌ നിരക്ഷരരും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ സ്‌ത്രീകളെ കണ്ടെത്തി അവര്‍ക്ക്‌ സൗജന്യമായി പാസ്‌പോര്‍ട്ട്‌, വിസ, ടിക്കറ്റ്‌, മെഡിക്കല്‍ സൗകര്യം എന്നിവ ശരിയാക്കിക്കൊടുക്കും.
ദുബായിലേക്കുള്ള വിസിറ്റിങ്‌ വിസയുമായാണ്‌ വിമാനത്താവളത്തിലെത്തിയത്‌. ദുബായിയിലെത്തിയ ശേഷം കുവൈത്ത്‌ വിസയടിച്ച പേജ്‌ പാസ്‌പോര്‍ട്ടില്‍ തുന്നിച്ചേര്‍ത്ത്‌ കുവൈത്തിലേക്ക്‌ കടത്തുകയാണ്‌ ചെയ്യുന്നത്‌. വിദ്യാഭ്യാസം കുറഞ്ഞ സ്‌ത്രീകള്‍ക്ക്‌ കുവൈത്തില്‍ നേരിട്ടെത്താന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്‌ ഈ തന്ത്രം ഉപയോഗിക്കുന്നതെന്ന്‌ ഏജന്റ്‌ പറഞ്ഞു. കുവൈത്തില്‍ എത്തിച്ച ശേഷം അവിടത്തെ ഏജന്റിന്‌ കൈമാറുകയായിരുന്നു ലക്ഷ്യം. മുപ്പതിനും നാല്‍പ്പതിനും മധ്യേ പ്രായമുള്ള സ്‌ത്രീകളെ വീട്ടു ജോലിക്കെന്നും പറഞ്ഞാണ്‌ കൊണ്ടുപോകുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here