തപാൽ വകുപ്പിന്റെ പേരിൽ പണം കവർന്ന് തട്ടിപ്പുകാർ

0

ഉദുമ: തപാൽ വകുപ്പിന്റെ പേരിൽ പണം കവർന്ന് തട്ടിപ്പുകാർ. തപാൽ ഉരുപ്പടികൾ കാത്തിരിക്കുന്നവരുടെ വിവരങ്ങൾ കൈക്കലാക്കി തപാൽ വകുപ്പിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ചാണ് തട്ടിപ്പു നടത്തുന്നത്. തപാൽ ഉരുപ്പടി വീട്ടിലെത്തിക്കാൻ നിസ്സാര തുക ഫീസടയ്ക്കണമെന്നാവശ്യപ്പെട്ട് ആദ്യം മേൽവിലാസക്കാരന് തട്ടിപ്പുകാരുടെ സന്ദേശം വരും. ഇത് അനുസരിക്കുന്നവരുടെ അക്കൗണ്ടിൽനിന്ന് പിന്നാലെ വൻ തുകകൾ നഷ്ടപ്പെടുന്നു. പരാതി വ്യാപകമായതോടെ തപാൽവകുപ്പ് ഇത്തരത്തിൽ തുക ആവശ്യപ്പെടാറില്ലെന്നും തട്ടിപ്പിനെതിരെ പൊതുജനം ജാഗ്രതയിലാകണമെന്നും ബന്ധപ്പെട്ടവർ ബോധവത്കരണം തുടങ്ങി.

രജിസ്റ്റർ, പാഴ്‌സൽ, സ്പീഡ് പോസ്റ്റ് തുടങ്ങിയവ പ്രതീക്ഷിച്ചിരിക്കുന്ന മേൽവിലാസക്കാരനെ തേടിപ്പിടിച്ചാണ് തട്ടിപ്പ്. ഇവരെ തട്ടിപ്പുസംഘം ഫോണിലൂടെയോ മൊബൈൽ സന്ദേശം വഴിയോ ബന്ധപ്പെടും (പോസ്റ്റ് ഓഫീസുകളിൽ മേൽവിലാസക്കാരുടെ ഫോൺനമ്പർ കംപ്യൂട്ടറിൽ കൊടുക്കാറുണ്ട്. തട്ടിപ്പുകാർ നുഴഞ്ഞുകയറി ഈ നമ്പർ കൈവശപ്പെടുത്തിയാകണം ഇത്തരത്തിൽ ബന്ധപ്പെടുന്നത്). ഒരു രജിസ്റ്റർ അല്ലെങ്കിൽ പാഴ്‌സൽ വരുന്നുണ്ട്. അത് വീട്ടിലെത്തിച്ചുതരുന്നതിനായി അഞ്ചുരൂപ ഗൂഗിൾപേ ചെയ്യണമെന്നാകും ആവശ്യപ്പെടുന്നത്.

നിസ്സാര തുകയാണല്ലോയെന്ന് കരുതി മേൽവിലാസക്കാരൻ തട്ടിപ്പുസംഘം പറഞ്ഞത് ചെയ്യും. പക്ഷേ തുക കൈമാറ്റം നടക്കില്ല. ഈ സാഹചര്യത്തിൽ വന്ന ഒ.ടി.പി. കൈമാറാൻ ആവശ്യപ്പെടും. ഇതുകൊടുത്തയുടൻ ആവശ്യപ്പെട്ട തുക തട്ടിപ്പ് സംഘം ആദ്യമെടുക്കും. പിന്നാലെ വൻ തുക പിൻവലിക്കുകയും ചെയ്യും. തപാൽ അധികൃതരാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തിയാണ് ചെറിയ തുക ആവശ്യപ്പെടുക. കസ്റ്റമർ കെയർ നമ്പരും തട്ടിപ്പുസംഘം നൽകുന്നുണ്ട്.

ചോദിച്ചത് അഞ്ചുരൂപ, പോയത് 52,000
പാസ്‌പോർട്ട് വീട്ടിലെത്തിക്കാൻ അഞ്ചുരൂപ ആവശ്യപ്പെട്ട് വന്ന ഫോൺവിളിക്ക് പിറകെപ്പോയ ഉദുമ പാക്യാര ബദരിയ നഗറിലെ യുവതിക്ക് അടുത്ത നാളിൽ അക്കൗണ്ടിൽനിന്ന് 52,000 രൂപ നഷ്ടപ്പെട്ടു. വിദേശത്ത് പോകാനുള്ള തിരക്കിൽ ഇവർ പരാതി നൽകിയില്ല.

Leave a Reply