ടാപ്പിങ്ങിനിടയിൽ തൊട്ടരികിലെത്തിയ കടുവയെ കണ്ട് ഭയചകിതനായി റെജി

0

ടാപ്പിങ്ങിനിടയിൽ തൊട്ടരികിലെത്തിയ കടുവയെ കണ്ട് ഭയചകിതനായി റെജി. കുരങ്ങന്മാർ പതിവില്ലാതെ ബഹളം വെച്ചെങ്കിലും കാര്യമാക്കാതെ ടാപ്പിങ് നടത്തുന്നതിനിടെയാണ് പിന്നിലേക്ക് നോക്കിയപ്പോൾ പത്തടി അകലത്തിൽ കടുവയെ കണ്ടത്. തന്നെ നോക്കിനിന്ന കടുവ പിന്നീട് അടുത്തേക്ക് നടന്നുവരുന്നത് ഓർമയുണ്ട്. പിന്നെ വെപ്രാളത്തിൽ എന്തൊക്കെയോ സംഭവിച്ചു. ആദ്യം റബ്ബർമരത്തിൽ വലിഞ്ഞു കയറി. എന്നാൽ ആ സമയത്തെ പരിഭ്രമം കൊണ്ട് താഴേക്ക് വീണു.

ഓടി തൊട്ടടുത്ത കുളിമുറിയിലേക്ക് കയറി രക്ഷപ്പെട്ടു. ദൈവം രക്ഷിച്ചുവെന്നല്ലാതെ മറ്റൊന്നും പറയാനാകുന്നില്ല. സംഭവമറിഞ്ഞ് അവിടെ ഓടി എത്തിയവരോട് റെജി വിറയലോടെയാണ് കാര്യങ്ങൾ വിശദീകരിച്ചത്. ബുധനാഴ്ച രാവിലെ ടാപ്പിങിന് പോകുമ്പോഴാണ് റെജിയെ പുലി പിടിക്കാനെത്തിയത്. വനപാലകർ നിർദേശിച്ചിട്ടുള്ളതിനാൽ നേരം പുലർന്ന ശേഷമേ തോട്ടത്തിലേക്ക് പോകാറുള്ളൂവെന്ന് റെജി പറഞ്ഞു. ബുധനാഴ്ച രാവിലെ 6.30 കഴിഞ്ഞാണ് തോട്ടത്തിലേക്കിറങ്ങിയത്.

കുരങ്ങന്മാർ വല്ലാതെ ശബ്ദമുണ്ടാക്കിയപ്പോൾ ആദ്യം കാര്യമായി എടുത്തില്ലെന്ന് റെജി പറയുന്നു. കുരങ്ങന്മാർ മിക്കപ്പോഴും തോട്ടത്തിലുണ്ടാകാറുണ്ട്. പടക്കം പൊട്ടിക്കുമ്പോൾ ഓടിമറയും. പടക്കം പൊട്ടിച്ചിട്ടും ഇവ ശബ്ദമുണ്ടാക്കുന്നത് തുടർന്നുകൊണ്ടിരുന്നു. ഇത് കണ്ടപ്പോൾ സംശയം തോന്നി. എന്തായാലും ഒരിക്കൽകൂടി പടക്കം പൊട്ടിക്കാമെന്ന് വിചാരിച്ച് പിന്നോട്ട് നോക്കുമ്പോഴാണ് കടുവ തൊട്ടടുത്ത് നിൽക്കുന്നത് കണ്ടത്. മരണം മുന്നിൽ കണ്ടതോടെ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു.

പെട്ടെന്ന് സമീപത്തുണ്ടായിരുന്ന റബ്ബർ മരത്തിലേക്ക് കയറാൻ ശ്രമിച്ചു. അല്പം കയറിയപ്പോൾ റബ്ബറിലിട്ടിരുന്ന പ്ലാസ്റ്റിക്കിൽ കാൽതെന്നി താഴേക്കുവീഴുകയായിരുന്നു. കടുവ തന്റെ നേരെ വരുന്നതാണ് കണ്ടത്. അവിടെനിന്ന് 30 മീറ്ററോളം അകലെയുള്ള വീടിന് പുറത്തെ കുളിമുറിയിലേക്ക് കയറി വാതിലടച്ചു. കുറെ സമയം അവിടെത്തന്നെ കഴിഞ്ഞു. പിന്നീട് വീട്ടിലേക്ക് ഓടിക്കയറി. വിവരമറിഞ്ഞ് ആളുകളെത്തിയ ശേഷമാണ് ആശ്വാസമായതെന്ന് റെജി പറഞ്ഞു. എട്ടുവർഷമായി ഇവിടെ ടാപ്പിങ് നടത്തി വരുന്നു. കടുവയെ കാണുന്നത് ഇതാദ്യമാണെന്ന് റെജി പറഞ്ഞു.

സ്വന്തം വീട്ടിലേക്ക് മടങ്ങിയ റെജിക്ക് ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെടുകയും വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മനസ്സിലെ ഭീതികൊണ്ടുണ്ടായ അസ്വസ്ഥതയാണെന്നാണ് ഡോക്ടർ അറിയിച്ചതെന്ന് റെജി പറഞ്ഞു. കടുവ ആദ്യം എത്തിയ പെരുനാട്ടിലും കഴിഞ്ഞ ദിവസം വടശ്ശേരിക്കരയിലും കടുവയെ പിടികൂടാൻ കൂടുവെച്ചെങ്കിലും ഫലമുണ്ടായില്ല. കാട്ടാന, കടുവ എന്നിവയ്ക്കു പുറമേ വടശ്ശേരിക്കര ഒളികല്ല് ഭാഗത്ത് കാട്ടുപോത്തുകളും ജനവാസമേഖലയിൽ എത്തിയിട്ടുണ്ട്. വടശ്ശേരിക്കര ടൗണിൽനിന്ന് നാല് കിലോമീറ്ററോളം അകലെയാണ് ഈ വന്യമൃഗങ്ങളെത്തിയിട്ടുള്ളത്.

Leave a Reply