താനൂര്‍ ബോട്ട്ദുരന്തത്തില്‍ ഡ്രൈവറും പിടിയിലായി ; അന്വേഷണ കമ്മീഷനെ മന്ത്രിസഭായോഗം ഇന്ന് തീരുമാനിക്കും

0


താനൂര്‍: ബോട്ട് ദുരന്തത്തില്‍ ബോട്ടുടമയ്ക്ക് പിന്നാലെ ബോട്ടിന്റെ ഡ്രൈവറും പിടിയിലായി. ബോട്ട് ഡ്രൈവര്‍ ദിനേശനെ താനൂരില്‍ നിന്നു തന്നെയായിരുന്നു പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് ബോട്ട് ഓടിക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. നേരത്തേ ബോട്ടുടമ നാസറിനൊപ്പം ദിനേശനും ഒളിവിലായിരുന്നു. ഇനി ബോട്ടിന്റെ ജീവനക്കാരന്‍ രാജനാണ് പിടിയിലാകാനുള്ളത്. താനൂരില്‍ ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തി 22 പേരാണ് മരണമടഞ്ഞത്.

അപകടം നടക്കുന്ന സമയത്ത് ബോട്ടില്‍ 37 പേര്‍ ഉണ്ടായിരുന്നതായിട്ടാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അശാസ്ത്രീയമായി ആളെ കുത്തിനിറച്ചതാണ് അപകടത്തിന് കാരണമായതെന്നും മാനദണ്ഡം ലംഘിച്ച് ഡെക്കില്‍ പോലും ആളുകള്‍ കൂടുതലായിരുന്നു എന്നും ഇതില്‍ പറയുന്നു. പോലീസ് പിടിയിലുള്ള നാസറിനെ നാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ പോലീസ് ഇന്ന് സമര്‍പ്പിക്കും. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ബോട്ടപകടം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ തീരുമാനിക്കാനുള്ള മന്ത്രിസഭായോഗം ഇന്ന് ചേരും.

ആറുമാസമായിരിക്കും കമ്മീഷന്റെ കാലാവധിയെന്നും റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയായിരിക്കും കമ്മീഷന്റെ തലപ്പത്തേക്ക് വരികയെന്നുമാണ് പ്രാഥമിക സൂചനകള്‍. ബോട്ടുകളുടെ പരിശോധനയ്ക്ക് ഇന്ന് ഉന്നതതല യോഗം ചേരും. സുരക്ഷ ഉറപ്പാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയും രൂപീകരിച്ചേക്കും. മാരിടൈംബോര്‍ഡ്, പോലീസ്, റവന്യൂ, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങഴെ ഉള്‍പ്പെടുത്തിയാകും ഏജന്‍സി രൂപീകരിക്കുക. ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരിശോധന നടത്തുന്നതിനും ഇവര്‍ക്ക് ചുമതല നല്‍കിയേക്കും.

Leave a Reply