സെസി സേവ്യറിന് ഒളിവിൽ താമസിക്കാൻ സൗകര്യം നൽകിയത് വൈദികർ

0

യോഗ്യതയില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തതിനു പിടിയിലായ സെസി സേവ്യറിന് ഒളിവിൽ താമസിക്കാൻ സൗകര്യം നൽകിയത് വൈദികർ. ഈ സംശയത്തിൽ രണ്ടു വൈദികർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. രാമങ്കരി സ്വദേശിനിയായ സെസി ഗൊരഖ്പുരിൽ ഒളിവിൽ കഴിഞ്ഞതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന് സഹായം ചെയ്തത് കുട്ടനാട്ടുകാരായ വൈദികരാണെന്നാണ് സംശയം. ഈ സാഹചര്യത്തിലാണ് രണ്ടു പേർക്ക് നോട്ടീസ് നൽകിയത്. അന്വേഷണസംഘത്തിന്റെ മുന്നിൽ ഹാജരാകാനാണു നിർദ്ദേശം. ഇവരുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. പ്രതിചേർത്താലേ പുറത്തുവിടൂ.

തെളിവെടുപ്പു പൂർത്തിയാക്കിയശേഷം സെസിയെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ ഹാജരാക്കി. വിശദവാദം കേട്ടശേഷം ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി. മഞ്ജു ജാമ്യഹർജി തള്ളി. നീതിന്യായവ്യവസ്ഥയെ പ്രതി വഞ്ചിച്ചതായി പ്രോസിക്യൂഷനുവേണ്ടി ഹാജരായ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ. അനിൽകുമാർ കോടതിയെ അറിയിച്ചു. കീഴടങ്ങാൻ ഹൈക്കോടതി പ്രതിക്കു നിർദ്ദേശം കൊടുത്തിട്ടും 21 മാസം ഒളിവിൽപ്പോയി. ജാമ്യം കൊടുത്താൽ തെളിവുകൾ ഇല്ലാതാകും. കേസിൽ ഇനിയും പ്രതികളെ പിടിക്കാനുണ്ടെന്നും അനിൽകുമാർ അറിയിച്ചു.

വ്യാജ രേഖ ഉപയോഗിച്ച് അഭിഭാഷകയായത് പിടിക്കപ്പെട്ടപ്പോൾ മുങ്ങിയ സെസി സേവ്യർ കീഴടങ്ങിയത് കഴിഞ്ഞ ദിവസമാണ്. മാസങ്ങളായി ഇവർ ഒളിവിലായിരുന്നു. സെസി ഒരു തവണ കോടതി പരിസരത്ത് എത്തിയെങ്കിലും പൊലീസിനെ കണ്ട് ഭയന്ന് വീണ്ടും മുങ്ങുകയായിരുന്നു. മറ്റൊരാളുടെ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് രാമങ്കരി സ്വദേശിയായ സെസി എന്റോൾ ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും പ്രവർത്തിച്ചിട്ടുണ്ട്. യോഗ്യതാ രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്ന ഇവർക്കെതിരെ ബാർ അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോമന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പൊലീസ് കേസെടുത്തിരുന്നു.

നിയമബിരുദം നേടാതെ മറ്റൊരാളുടെ എന്റോൾമെന്റ് നമ്പറിലായിരുന്നു സെസി അഭിഭാഷകയായി കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നത്. രണ്ടുവർഷത്തോളം ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തുവന്ന ഇവർ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലും ജയിച്ചിരുന്നു. നിരവധി കേസുകളിൽ ഇവരെ അഭിഭാഷക കമ്മീഷനായും നിയമിച്ചു. ഇതിനിടെയാണ് സെസിക്ക് നിയമബിരുദമില്ലെന്നും വ്യാജ രേഖകൾ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്യുന്നതെന്നുമുള്ള അജ്ഞാത കത്ത് ബാർ അസോസിയേഷന് ലഭിച്ചത്. തുടർന്ന് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ അസോസിയേഷൻ ആവശ്യപ്പെട്ടെങ്കിലും യുവതി ഒരു രേഖകളും നൽകിയില്ല.

ഇതോടെ ബാർ അസോസിയേഷനിൽനിന്ന് സെസി സേവ്യറെ പുറത്താക്കി. ബാർ അസോസിയേഷൻ തന്നെയാണ് സെസിക്കെതിരേ പൊലീസിൽ പരാതി നൽകിയത്. വഞ്ചനാക്കുറ്റം, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് സെസി സേവ്യറിനെതിരേ കേസെടുത്തിരുന്നത്. ബാർ അസോസിയേഷനിലെ രേഖകൾ കൈക്കലാക്കിയതിന് മോഷണക്കുറ്റവും ചുമത്തിയിരുന്നു.

Leave a Reply