‘കര്‍ദിനാളിന് ക്ലീന്‍ചിറ്റ്’: അപ്പസ്‌തോലിക സിഞ്ഞത്തൂരയുടെ വാക്കുകളെ വളച്ചൊടിച്ച സഭാ നേതൃത്വം മാപ്പു പറയണമെന്ന് അതിരൂപത സംരക്ഷണ സമിതി

0

എറണാകുളം അങ്കമാലി അതിരൂപത ഭൂമി വില്‍പന വിഷയത്തില്‍ സഭയുടെ അത്യുന്നത കോടതി അപ്പസ്‌തോലിക് സിഞ്ഞത്തൂര കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി, ‘മാര്‍ ആലഞ്ചേരിയെ വത്തിക്കാന്‍ കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചു’ എന്നിങ്ങനെ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കിയ സഭാ നേതൃത്വം മാപ്പ് പറയണമെന്ന് അതിരൂപത സംരക്ഷണ സമിതി. തെറ്റായ വിശദീകരണങ്ങളാണ് അപ്പസ്‌തോലിക് സിഞ്ഞത്തൂരയില്‍ നിന്ന് വന്ന ഒരു കല്പനയെ ചുറ്റിപറ്റി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കിയത്. ഇത്തരം തെറ്റായ വിശദീകരണങ്ങള്‍ പ്രചരിക്കുന്ന വിവരം എറണാകുളം അങ്കമാലി മേജര്‍ അതിരൂപതയുടെ വൈദിക സമിതിയംഗങ്ങള്‍ പ്രസ്തുത പരമോന്നത കോടതിയെ അറിയിച്ചുവെന്നും അതിനെ തുടര്‍ന്ന് അവിടെ നിന്നും വ്യക്തമായ മറുപടി രേഖാമൂലം ലഭിച്ചുവെന്നും സംരക്ഷണ സമിതി അവകാശപ്പെടുന്നു.

വൈദിക സമിതിയംഗം റവ.ഡോ. വര്‍ഗീസ് പെരുമായന്‍ കഴിഞ്ഞ ദിവസമാണ് മറുപടി ലഭിച്ചത്. അപ്പസ്റ്റോലിക് സിഞ്ഞത്തൂരയുടെ കത്തില്‍ സൂചിപ്പിക്കുന്നത് പോലെ, അത്യപൂര്‍വമായ ഈ വിശദീകരണം സിഞ്ഞത്തൂര നല്കാന്‍ ഇട വന്നത് സിറോ മലബാര്‍ സഭയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന പിതാക്കന്മാര്‍ മറ്റു പിതാക്കന്മാരെയും, വൈദികരെയും സന്യസ്തരെയും അല്മായരെയും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നേരിട്ട് നല്‍കിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണെന്ന് സംരക്ഷണ സമിതി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് തന്നെ പേര് വെക്കാതെ തയ്യാറാക്കപ്പെട്ട ഒരു നോട്ട് മെത്രാന്മാരുടെ ഇടയില്‍ പ്രചരിപ്പിച്ചതും മൗണ്ട് സെന്റ് തോമസ് കൂരിയ ഇത് അവരുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ പങ്കുവച്ചതും പരമോന്നത കോടതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

അതിന്‍പ്രകാരം അപ്പസ്‌തോലിക് സിഞ്ഞത്തൂര കൃത്യമായി പ്രസ്താവിക്കുന്നു ‘കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ നിയമസാധുത (Legitimacy) ഞങ്ങള്‍ പരിശോധിച്ചിട്ടേയില്ല, മറിച്ചു ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ ഡിക്രിയുടെ നടപടിക്രമ സാങ്കേതികത്വം മാത്രമാണ് പരിശോധിച്ചിട്ടുള്ളത്.’

അപ്പസ്‌തൊലിക് സിഞ്ഞത്തൂര എന്ന സഭയുടെ അത്യുന്നത കോടതിയ്ക്ക് ഇപ്രകാരം മറുപടികള്‍ എഴുതുന്ന പതിവില്ലെങ്കിലും സിറോ-മലബാര്‍ സഭയുടെ ഔദ്യാഗിക കേന്ദ്രങ്ങള്‍ തന്നെ തങ്ങളുടെ കല്പനയ്ക്ക് തെറ്റായ വിശദീകരണം നല്‍കിയ സാഹചര്യത്തിലാണ് ഏറ്റവും പുതിയ കത്ത് എഴുതിയതെന്ന് അവര്‍ സൂചിപ്പിക്കുന്നു. കാര്‍ദിനാള്‍ ആലഞ്ചേരിയെ വെള്ളപൂശാനും സിഞ്ഞത്തൂരയുടെ ഡിക്രിയെ ദുരുപയോഗിക്കാനും ശ്രമിച്ച സാഹചര്യത്തിലാണ് പതിവില്ലാത്ത വിധം സിഞ്ഞത്തൂര വിശദീകരണ കുറിപ്പ് നല്‍കിയത് എന്ന് വ്യക്തമാണ്.

കാപട്യത്തെ തുറന്ന് കാട്ടിയ അപ്പസ്‌തോലിക് സിഞ്ഞത്തൂരയ്ക്ക് കേരളത്തിലെ എല്ലാ വിശ്വാസികളുടെയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. സത്യത്തോട് തുറവിയില്ലാത്ത തുടരെ തുടരെ നുണകളുടെ കയറുകൊണ്ട് സത്യത്തെ കുരുക്കിലാക്കാന്‍ ശ്രമിക്കുന്ന സിറോ-മലബാര്‍ സഭാ നേതൃത്വം ഇനിയെങ്കിലും സത്യത്തിന് സാക്ഷ്യം നല്‍കാന്‍ തയ്യാറാകണം. എറണാകുളത്തെ വിശ്വാസികളുടെ നിലപാടുകളിലെ സത്യം തുറന്ന് അംഗീകരിക്കാന്‍ തയ്യാറാവണം. മാത്രമല്ല സഭയുടെ അത്യുന്നത കോടതിയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ചതില്‍ പരസ്യമായി മാപ്പ് പറയണമെന്ന് അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ തളിയന്‍ ആവശ്യപ്പെട്ടു.

Leave a Reply