കട്ടപ്പന : ഇടുക്കിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച, സംസ്‌ഥാനത്തെ ആദ്യ ആനപ്പാര്‍ക്ക് പദ്ധതി കടലാസില്‍ ഒതുങ്ങി. പാര്‍ക്ക് തുടങ്ങാന്‍ തടസം വന്‍കിട കൈയേറ്റക്കാരുടെ ഇടപെടലുകളാണെന്ന് ആക്ഷേപം.
ഇടുക്കിയിലെ കാട്ടാനശല്യത്തിനു പരിഹാരം ലക്ഷ്യമിട്ടാണ് ആനപ്പാര്‍ക്ക് പദ്ധതിക്കു രൂപം നല്‍കിയത്. കാട്ടാനകള്‍ക്ക് തനത് ആവാസവ്യവസ്‌ഥ ഒരുക്കുന്നതിനൊപ്പം ജനവാസ മേഖലകളില്‍ ഇറങ്ങി മനുഷ്യജീവനും സ്വത്തുവകകള്‍ക്കും നാശനഷ്‌ടമുണ്ടാക്കുന്നത് തടയിടാനും ഇതിലൂടെ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. പാര്‍ക്ക് സ്‌ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ചിന്നക്കനാല്‍ പ്രദേശം ഭൂമികൈയേറ്റങ്ങളുടെ കേന്ദ്രമാണ്. കൈയേറ്റക്കാരിലെ വന്‍കിടക്കാരുടെ ചരടുവലികളാണു പാര്‍ക്ക് തുടങ്ങാനുള്ള പ്രധാന പ്രതിബന്ധമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കാട്ടാനശല്യം രൂക്ഷമായ ചിന്നക്കനാല്‍, സൂര്യനെല്ലി അടക്കമുള്ള പ്രദേശങ്ങളിലെ ആദിവാസി പുനരധിവാസ കോളനികളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ച് ആറുകിലോമീറ്റര്‍ ചുറ്റളവില്‍ മതികെട്ടാന്‍ ദേശീയോദ്യാനവുമായി ബന്ധിപ്പിക്കുന്നതായിരുന്നു ആനപ്പാര്‍ക്ക് പദ്ധതി. കാടിന്റെ വ്യാപ്‌തികൂട്ടി തീറ്റയും വെള്ളവും ഒരുക്കുന്നതോടെ കാട്ടാനകള്‍ കാടിറങ്ങുന്നത് തടയാന്‍ കഴിയുമെന്നായിരുന്നു കണക്കുകൂട്ടല്‍.
പദ്ധതിയുടെ ഭാഗമായി നടത്തിയ സാറ്റലൈറ്റ് സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ആനയിറങ്കല്‍ ഡാമിന്റെ വൃഷ്‌ടിപ്രദേശങ്ങളും ചിന്നക്കനാല്‍ പഞ്ചായത്തിലെ ആനയിറിങ്കല്‍, വിലക്ക്, 101 കോളനി എന്നിവിടങ്ങളും ഉള്‍പ്പെടുന്ന 100 ഹെക്‌ടര്‍ സ്‌ഥലമാണ് ആനപ്പാര്‍ക്കിനായി പരിഗണിച്ചത്. സ്‌ഥലം ഏറ്റെടുക്കുന്നതിനെതിരേ മുമ്പ് പ്രദേശവാസികള്‍ രംഗത്തു വന്നിരുന്നു. ഏറ്റെടുക്കുന്ന പ്രദേശങ്ങളെ സംബന്ധിച്ച് വ്യക്‌തത വരുത്താനും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനും വനം വകുപ്പ് തയാറാകാത്തതും പദ്ധതി വൈകാന്‍ കാരണമായി.
അരിക്കൊമ്പന്‍ വിഷയത്തോടെ ആനപ്പാര്‍ക്ക് പദ്ധതി വീണ്ടും സജീവമായിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ അരിക്കൊമ്പന്‍ കവര്‍ന്നത് 11 മനുഷ്യ ജീവനുകളാണ്. തകര്‍ത്തത് 180-ല്‍ പരം കെട്ടിടങ്ങളും. ഇതില്‍ 23 കെട്ടിടങ്ങള്‍ ഈ വര്‍ഷംമാത്രം തകര്‍ത്തതാണ്. വീടുകള്‍ തകര്‍ന്ന് 30 പേര്‍ക്ക് പരുക്കേറ്റു. ഹൈക്കോടതിയില്‍ വനം വകുപ്പ് സമര്‍പ്പിച്ച കണക്കിലാണ് 2005 മുതലുള്ള അരിക്കൊമ്പന്റെ വിളയാട്ടത്തിനു തെളിവുനിരത്തിയത്. നൂറിലധികം പേരുടെ ഏക്കര്‍ കണക്കിന് കൃഷിയാണ് അരിക്കൊമ്പന്‍ നശിപ്പിച്ചത്. കൃഷിനാശം നേരിട്ടതുമായി ബന്ധപ്പെട്ട് അക്ഷയ സെന്റര്‍ വഴി അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം മാത്രമാണിത്.
ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ നിരവധി ജീവനുകളാണ് കാട്ടാന ആക്രമണങ്ങളില്‍ പൊലിഞ്ഞിട്ടുള്ളത്.വികലാംഗരായവരും നിരവധിയാണ്. എന്നാല്‍ ആനപ്പാര്‍ക്ക് പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സ്‌ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രാരംഭ നടപടികള്‍ പോലും നടത്താനായിട്ടില്ല. പദ്ധതി നടപ്പായാല്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ, രാജകുമാരി എന്നീ ജനവാസ മേഖലകളിലേക്ക് കാട്ടാന ഇറങ്ങിയുള്ള ആക്രമണത്തിന് പരിഹാരമാകുമെന്നാണു ജനാഭിപ്രായം.