പട്ടാളത്തെ കുറിച്ച് കോമഡി അവതരിപ്പിച്ച സംഘത്തിന് ചൈനയിൽ 21 ലക്ഷം ഡോളർ (17.29 കോടിരൂപ) പിഴ

0

പട്ടാളത്തെ കുറിച്ച് കോമഡി അവതരിപ്പിച്ച സംഘത്തിന് ചൈനയിൽ 21 ലക്ഷം ഡോളർ (17.29 കോടിരൂപ) പിഴ. പീപ്പിൾസ് ലിബറേഷൻ ആർമിയെ (പി.എൽ.എ.) കുറിച്ച് തമാശ അവതരിപ്പിച്ച കോമഡി സംഘമാണ് പുലിവാല് പിടിച്ചത്. ഷാങ്ഹായ് സിയാഗുവോ കൾച്ചർ മീഡിയ കമ്പനി അംഗമായ ലി ഹാവോഷി തന്റെ നായയുടെ പെരുമാറ്റത്തെ പട്ടാളച്ചിട്ടയോട് ഉപമിച്ചതാണ് വിവാദമായത്.

ഈ കമ്പനിയും ലി ഹാവോഷിയും സൈന്യത്തെ അപമാനിച്ചെന്നാരോപിച്ചാണ് അധികൃതർ കോടികളുടെ പിഴവിധിച്ചത്. നടപടിയെ സ്വാഗതംചെയ്ത കമ്പനി ലിയുമായുള്ള കരാർ റദ്ദാക്കി. ശനിയാഴ്ച ബെയ്ജിങ്ങിലെ സ്റ്റാൻഡ് അപ്പ് കോമഡി പരിപാടിയിലായിരുന്നു ചൈനീസ് സൈന്യത്തോട് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞ ഒരു വാചകം പരാമർശിച്ചുള്ള ലിയുടെ വിവാദ തമാശ.

ഇതിന്റെ ശബ്ദരേഖ ചൈനീസ് സാമൂഹികമാധ്യമമായ വെയ്‌ബോയിൽ പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. ഒരാൾ പരാതിനൽകിയതോടെ അധികൃതർ ചൊവ്വാഴ്ച അന്വേഷണം തുടങ്ങുകയായിരുന്നു. അനധികൃതസമ്പാദ്യമെന്നു പറഞ്ഞ് കോമഡി കമ്പനിയിൽനിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. പിന്നീടാണ് പിഴചുമത്തിയത്. കമ്പനിക്ക് ബെയ്ജിങ്ങിൽ പരിപാടികൾ അവതരിപ്പിക്കാനുള്ള അനുമതിയും നിഷേധിച്ചു. സംഭവത്തിൽ ലി ഹാവോഷി തന്റെ വെയ്‌ബോ അക്കൗണ്ടിലൂടെ ക്ഷമാപണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here