മക്കള്‍ രണ്ടുപേരും ഷൂട്ടിങ്ങില്‍ മിടുക്കര്‍ ; പിതാവ് വീടിന്റെ വരുമാനമായ ലോറിവിറ്റ് ജപ്പാനില്‍ നിന്നും തോക്കു വരുത്തിച്ചു ; പരിശീലനത്തിന് വീടിന്റെ മുകളില്‍ സൗകര്യമൊരുക്കി

0


കട്ടപ്പന: നടക്കാതെ പോയ തന്റെ സ്വപ്നം മക്കളിലൂടെ പൂവണിയാന്‍ ലോറി വിറ്റ് മക്കള്‍ക്ക് തോക്ക് വാങ്ങി നല്‍കി ഒരു പിതാവ്. കട്ടപ്പന ഇരുപതേക്കര്‍ പൊന്നിക്കവല ചാളനാല്‍ ജെറ്റിയാണ് ലോറി വിറ്റും മക്കളുടെ കായികസ്വപ്നങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നത്.

പിതാവിന്റെ കാലം മുതല്‍ തോക്ക് സ്വന്തമായുള്ള ജെറ്റിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഷൂട്ടിങ്ങില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുകയെന്നത്. എന്നാല്‍ അതു സാധിക്കാതെ വന്നതോടെ മക്കളെ ഷൂട്ടിങ് പരിശീലിപ്പിക്കണമെന്നും അതുവഴി ഒളിമ്പിക്‌സ് നേട്ടം കൈവരിക്കണമെന്നും മോഹം ഉദിച്ചു.100 കിലോ മീറ്ററിലേറെ യാത്ര ചെയ്ത് മുട്ടം റൈഫിള്‍ ക്ലബ്ബില്‍ പോയുള്ള പരിശീലനം പ്രതിസന്ധിയായതോടെ വീടിന്റെ മുകള്‍ നിലയില്‍ മക്കള്‍ക്ക് ഷൂട്ടിങ് പരിശീലനത്തിന് അവസരം ഒരുക്കി നല്‍കി.

മകന്‍ അഭിമന്യു ജില്ലാ, സോണ്‍, സംസ്ഥാന തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചതോടെ കൂടുതല്‍ മികച്ച തോക്ക് ആവശ്യമായി വന്നു. അങ്ങനെയാണ് മാന്‍ വിഭാഗത്തില്‍പെടുന്ന ലോറി വില്‍ക്കാന്‍ ജെറ്റി തീരുമാനിച്ചത്. തുടര്‍ന്ന് 14 ലക്ഷം രൂപയുടെ കെ.കെ- 500 വാള്‍ത്തര്‍ എന്ന തോക്ക് അഭിമന്യുവിനു വാങ്ങി നല്‍കി. സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ് ഇതിന്റെ ചെലവുകളെന്ന് ഈ പിതാവ് പറയുന്നു.

മൂത്ത മകന്‍ അഭിമന്യു ഏഴാം ക്ലാസ് മുതല്‍ ഷൂട്ടിങ് പരിശീലനം ആരംഭിച്ചു. ഇടം കൈ ഷൂട്ടര്‍ ആയിരുന്നതിനാല്‍ ജപ്പാനില്‍നിന്നും പ്രത്യേകം വരുത്തിക്കുകയായിരുന്നു. 10 മുതല്‍ 50 മീറ്റര്‍ വിഭാഗത്തില്‍ ഇതുവരെ നിരവധി ദേശീയ യോഗ്യതകള്‍ നേടിയിട്ടുണ്ട്. ഒളിമ്പിക്‌സ് സെലക്ഷനിലേക്ക് ജൂനിയര്‍ വിഭാഗത്തിലെ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടിയിരുന്നു. കട്ടപ്പന ഗവ. കോളജില്‍ നിന്നും ബി.കോം പൂര്‍ത്തിയാക്കിയ അഭിമന്യു അവധിക്കാലത്തും തന്റെ അച്ഛന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഷൂട്ടിങ് പരിശീലനത്തിലാണ്.

അഭിമന്യുവിന്റെ സഹോദരി അഭിരാമിയും ഷൂട്ടിംങില്‍ മികച്ച താരമാണ്. വെള്ളയാംകുടി സെന്റ്. ജെറോംസ് സ്‌കൂളിലെ 10 ക്ലാസ് പഠനം കഴിഞ്ഞ അഭിരാമി ആറാം ക്ലാസ് മുതല്‍ ഷൂട്ടിങ് പരിശീലനം തുടങ്ങിയതാണ്. ഇതിനോടകം തന്നെ ജില്ലാ സംസ്ഥാന തലങ്ങളില്‍ യോഗ്യത നേടി ചേട്ടന്റെ തൊട്ടുപിന്നാലെ അച്ഛന്റെ സ്വപ്നത്തിലേക്കുള്ള കുതിപ്പിലാണ് അഭിരാമിയും.

നെടുങ്കണ്ടം സഹകരണ ബാങ്ക് ഓഡിറ്ററായ മായയാണ് ഇരുവരുടെയും അമ്മ. രണ്ടു മക്കള്‍ക്കും പൂര്‍ണ പിന്തുണയുമായി ജെറ്റിക്കൊപ്പം മായയും സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here