ഭാരത് ഗൗരവ് കേരളത്തിൽനിന്ന് ആദ്യ സർവീസ് ആരംഭിച്ചു

0

തിരുവനന്തപുരം: വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് കേരളത്തിൽനിന്ന് ആദ്യ സർവീസ് ആരംഭിച്ചു. കൊച്ചുവേളിയിൽനിന്ന് പ്രയാഗ് രാജിലേക്കുള്ള പുണ്യതീർത്ഥയാത്ര വ്യാഴാഴ്ച കേന്ദ്രവിദേശകാര്യമന്ത്രി വി.മുരളീധരൻ ഫ്‌ളാഗ്ഓഫ് ചെയ്തു. എ.സി. 3 ടയർ, സ്ലീപ്പർ ക്ലാസുകളായി 750 സഞ്ചാരികൾക്ക് യാത്ര ചെയ്യാം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡാ(ഐ.ആർ.സി.ടി.സി.)ണ് ഭാരത് ഗൗരവ് ടൂർ പാക്കേജ് അവതരിപ്പിക്കുന്നത്.

ഭാരത് ഗൗരവിന്റെ അടുത്ത സർവീസ് 19-നാണ്. കൊച്ചുവേളിയിൽനിന്ന് ആരംഭിച്ച് ഹൈദരാബാദ്, ആഗ്ര, ഡൽഹി, ജയ്പുർ, ഗോവ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കാണ് 19-ന് ഗോൾഡൻ ട്രയാങ്കിൾ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. നോൺ എ.സി. ക്ലാസിലെ യാത്രയ്ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 22,900 രൂപയും തേർഡ് എ.സി. ക്ലാസ് യാത്രയ്ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 36,050 രൂപയുമാണ് നിരക്ക്. സ്റ്റാൻഡേർഡ് ക്ലാസിൽ 544 പേർക്കും കംഫർട്ട് ക്ലാസിൽ 206 പേർക്കും യാത്ര ചെയ്യാം.

കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് ജങ്ഷൻ, പോടന്നൂർ ജങ്ഷൻ, ഈറോഡ് ജങ്ഷൻ, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്കയാത്രയിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് നിർത്തുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ യാത്രക്കാർക്ക് നേരിട്ടും യാത്ര ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. ട്രെയിൻ യാത്രയ്ക്കുപുറമേ രാത്രിതാമസത്തിനായി എ.സി. ഹോട്ടലുകൾ, വെജിറ്റേറിയൻ ഭക്ഷണം, ടൂർ എസ്‌കോർട്ടിന്റെയും സുരക്ഷാജീവനക്കാരുടെയും സേവനം, യാത്രാ ഇൻഷുറൻസ് എന്നീ സൗകര്യങ്ങളും ഐ.ആർ.സി.ടി.സി. തയ്യാറാക്കി നൽകും.

യാത്രക്കാർക്ക് സുരക്ഷിതവും ആരോഗ്യകരവുമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാമുൻകരുതലുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഐ.ആർ.സി.ടി.സി. ജനറൽ മാനേജർ കെ.രവികുമാർ, ജോയിന്റ് ജനറൽ മാനേജർ സാം ജോസഫ്, ഐ.ആർ.സി.ടി.സി. എറണാകുളം റീജണൽ മാനേജർ ശ്രീജിത്ത് ബാപ്പുജി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://irctctourism.com സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here