അരികൊമ്പന്‍ മേഘമലയിലെ ജനവാസകേന്ദ്രങ്ങളില്‍ ; കൃഷി നശിപ്പിച്ചു, തൊഴിലാളികളും വനപാലകരും ചേര്‍ന്ന് തുരത്തി

0


കുമളി: ചിന്നക്കനാലില്‍ നിന്നും മാറ്റിയ അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ മേഘമല പ്രദേശത്ത് വിഹരിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. ഇവിടെനിന്നു വെള്ളം കുടിച്ച ശേഷം അരിക്കൊമ്പന്‍ തിരികെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തിരികെ പോരുന്നതായിട്ടാണ് ചിത്രങ്ങളില്‍ കാണുന്നത്.

ഇതിനിടെ തമിഴ്‌നാട്ടിലെ മേഘമല പ്രദേശത്ത് ആനയുടെ ആക്രമണം നടന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ വീടിന്റെ ഭാഗങ്ങള്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. അരിക്കൊമ്പനെ പ്രദേശത്ത് കണ്ടതായുള്ള വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെയാണ് വീട് തകര്‍ത്ത വാര്‍ത്തയും പുറത്ത് വരുന്നത്. എന്നാല്‍ ഇത് അരിക്കൊമ്പന്‍ തന്നെയാണോയെന്നതില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. മേഘമലയ്ക്ക് താഴെ തേയിലത്തോട്ടങ്ങളും ലയങ്ങളുമുണ്ട്. രാത്രിയില്‍ ഇവിടെയെത്തിയ ആന നാശം വിതച്ചെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലെ വണ്ണാത്തിപാറ, മാവടി ജനവാസ മേഖലയിലേക്ക് ആന എത്താതിരിക്കാന്‍ തമിഴ്‌നാട് വനം വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് പി.ടി. ആറിലെ മേതകാനം വനമേഖലയില്‍ അരിക്കൊമ്പനെ ഇറക്കി വിട്ടത്.

ഇതിനോടകം നാല്‍പതിലേറെ കിലോമീറ്ററുകള്‍ കൊമ്പന്‍ സഞ്ചരിച്ച് കഴിഞ്ഞു. മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള കാനനപാതയില്‍ നിന്നു 12 കിലോമീറ്റര്‍ മാറി മേതകാനത്താണ് കാട്ടു കൊമ്പനെ ഇറക്കിവിട്ടത്. ഇവിടെനിന്നും മംഗളാദേവിക്ക് എതിര്‍ദിശയിലേക്കാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്.

Leave a Reply