കള്ളക്കേസില്‍ക്കുടുക്കിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി; ആത്മഹത്യാ ഭീഷണി മുഴക്കി ആദിവാസി യുവാവ്‌

0


ഉപ്പുതറ: കാട്ടിറച്ചി കണ്ടെടുത്തെന്ന കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരെ അറസ്‌റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ ആദിവാസി യുവാവ്‌ മരത്തിന്‌ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. രണ്ടു ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന അധികൃതരുടെ ഉറപ്പില്‍ ആറു മണിക്കൂറിനു ശേഷമാണ്‌ യുവാവിനെ താഴെയിറക്കിയത്‌.
കണ്ണംപടി മുല്ല പുത്തന്‍ പുരയ്‌ക്കല്‍ സരുണ്‍ സജിയാണ്‌ വ്യാഴാഴ്‌ച രാവിലെ 9.30 ഓടെ കിഴുകാനം ഫോറസ്‌റ്റ്‌ സ്‌റ്റേഷനു മുന്നിലെ പ്ലാവില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്‌. കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ സര്‍വീസില്‍ തിരിച്ചെടുക്കുകയും, പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഉദ്യോഗസ്‌ഥരെ അറസ്‌റ്റു ചെയ്യാത്തതിലുമായിരുന്നു സരുണിന്റെ പ്രതിഷേധം.
മരക്കൊമ്പില്‍ കെട്ടിയ കയറിന്റെ അറ്റം കഴുത്തില്‍ കുടുക്കിയ ശേഷമായിരുന്നു സരുണ്‍ മരത്തിനു മുകളിലിരുന്നത്‌. സ്‌ഥലത്തെത്തിയ ഉപ്പുതറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജെ. ജയിംസ്‌, പഞ്ചായത്തംഗം ഷീബ സത്യനാഥ്‌, സി.ഐ. ഇ. ബാബു, വില്ലേജ്‌ ഓഫീസര്‍ പി. അജ്‌ഞലി എന്നിവര്‍ ഉന്നത റവന്യൂ, പോലീസ്‌ ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ടു.
രണ്ടു ദിവസത്തിനകം കുറ്റക്കാരായ ഉദ്യോഗസ്‌ഥരെ അറസ്‌റ്റു ചെയ്യുമെന്നും, പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടന്നും മൂന്നരയോടെ പീരുമേട്‌ ഡിവൈ.എസ്‌.പി ജെ. കുര്യാക്കോസിന്റെ ഉറപ്പെത്തി. തുടര്‍ന്ന്‌ പഞ്ചായത്തു പ്രസിഡന്റും, ഉദ്യോഗസ്‌ഥരും ഊരുമൂപ്പന്‍മാര്‍, സമരസമിതി ചെയര്‍മാന്‍ എന്‍.ആര്‍. മോഹനന്‍, സരുണിന്റെ ബന്ധുക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തി എല്ലാവരും ചേര്‍ന്ന്‌ സരുണിനെ വിവരം അറിയിച്ചു. രണ്ടു ദിവസത്തിനു ശേഷം നടപടി ഉണ്ടായില്ലെങ്കില്‍ വനംവകുപ്പ്‌ ഓഫീസിനു മുന്നില്‍ ആത്മഹത്യ ചെയ്യും എന്ന മുന്നറിയിപ്പു നല്‍കി ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ സരുണ്‍ താഴെയിറങ്ങുകയായിരുന്നു.
2022 നവംബര്‍ 20 നാണ്‌ കിഴുകാനം ഫോറസ്‌റ്റര്‍ അനില്‍ കുമാറും സംഘവും സ്‌ഥലത്തിലായിരുന്ന സരുണിനെ വിളിച്ചു വരുത്തി അറസ്‌റ്റു ചെയ്‌തത്‌.
വനം വകുപ്പ്‌ നടത്തിയ ഉന്നതതല അന്വേഷണത്തില്‍ കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ തെളിയുകയും ഡി.എഫ്‌.ഒ ഉള്‍പ്പടെ ഏഴ്‌ ഉദ്യോഗസ്‌ഥരെ സസ്‌പന്‍ഡു ചെയ്യുകയും ചെയ്‌തു.
പിടിച്ചെടുത്ത ഇറച്ചി കാട്ടു മൃഗത്തിന്റേതല്ലന്നും തെളിഞ്ഞു. എന്നാല്‍ ഉദ്യോഗസ്‌ഥരെ സര്‍വീസില്‍ തിരിച്ചെടുക്കുകയും, സരുണ്‍ നല്‍കിയ പരാതിയില്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഉദ്യോഗസ്‌ഥരെ ഇതുവരെ അറസ്‌റ്റു ചെയ്‌തില്ല

Leave a Reply