ക്രൈസ്തവ കൂട്ടായ്മ പ്രാർത്ഥനായോഗത്തിന് നേരെ ബജ്‌റങ് ദൾ പ്രവർത്തകരുടെ ആക്രമണം; ജയ്ശ്രീറാം മുദ്രാവാക്യങ്ങളുമായി എത്തിയ നാൽപ്പതോളം പ്രവർത്തകർ വാതിൽ തകർത്ത് വീട്ടിനുള്ളിൽ കയറി കയ്യേറ്റം ചെയ്യുകയായിരുന്നു;ഏഴു പേർക്ക് പരിക്ക്

0


ഛത്തീസ്‌ഗഡ്: ക്രൈസ്തവ കൂട്ടായ്മയ്ക്കു കീഴിൽ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗത്തിനു നേരെ തീവ്രഹിന്ദു സംഘടനയുടെ അതിക്രമം. ഏഴു പേർക്കു പരുക്കേറ്റു. ദർഗ് ജില്ലയിലെ അമലേശ്വർ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ഡെന്റൽ ഡോക്ടറായ വിജയ് സാഹുവിന്റെ വീട്ടിലെ പ്രാർത്ഥനായോഗത്തിനു നേരെയാണു ബജ്‌റങ് ദൾ പ്രവർത്തകരുടെ അതിക്രമമുണ്ടായത്. ജയ്ശ്രീറാം മുദ്രാവാക്യങ്ങളുമായി എത്തിയ നാൽപ്പതോളം പ്രവർത്തകർ വാതിൽ തകർത്ത് വീട്ടിനുള്ളിൽ കയറി കയ്യേറ്റം ചെയ്യുകയായിരുന്നു.

മതപരിവർത്തനം ആരോപിച്ചായിരുന്നു കയ്യേറ്റമെന്നു ഛത്തീസ്‌ഗഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് അരുൺ പന്നാലാൽ ആരോപിച്ചു. പൈപ്പ് വെള്ളം വീട്ടിനുള്ളിലേക്കു തുറന്നുവിട്ട സംഘം സിസിടിവി ക്യാമറ നശിപ്പിക്കുകയും വൈദ്യുതി വിഛേദിക്കുകയും ചെയ്തു. പൊലീസിൽ അറിയിച്ചെങ്കിലും അരമണിക്കൂറിനു ശേഷമാണ് എത്തിയത്. അനുമതിയില്ലാതെ സംഘം ചേർന്നതിന് വിജയ് സാഹുവിന്റെ ഭാര്യ പ്രീതി സാഹു ഉൾപ്പെടെ ഇരുപതോളം വിശ്വാസികളെ കസ്റ്റഡിയിലെടുത്തുവെന്നും ആരോപണമുണ്ട്.

2021ലും വിജയ് സാഹുവിന്റെ വീടിനു നേരെ അക്രമം നടന്നിരുന്നു. പ്രാർത്ഥന നടത്താറുണ്ടെന്നും ഒരാളെപ്പോലും നിർബന്ധിച്ചു പങ്കെടുപ്പിക്കാറില്ലെന്നും വിജയ് സാഹു വിശദീകരിച്ചു. അതിക്രമത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണു വിവരം. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മണ്ഡലമായ പടാനിലാണ് അമലേശ്വർ ഗ്രാമം.

LEAVE A REPLY

Please enter your comment!
Please enter your name here