കാമുകിയെ കൊലപ്പെടുത്തി നാടുവിട്ട യുവാവും ഭാര്യയും അറസ്‌റ്റില്‍

0


കണ്ണൂര്‍: കാമുകിയെ കൊലപ്പെടുത്തി നാടുവിട്ട യുവാവും ഗര്‍ഭിണിയായ ഭാര്യയും പോലീസിന്റെ പിടിയിലായി. പൊള്ളാച്ചി മഹാലിംഗപുരത്തെ കെ.ജെ അപ്പാര്‍ട്ടെ്‌മന്റിലെ കുമാരന്റെ മകന്‍ സുജയ്‌ (32), ഭാര്യ കോട്ടയം സ്വദേശിനി രേഷ്‌മ (25) എന്നിവരാണ്‌ കണ്ണൂരില്‍ പിടിയിലായത്‌.
സുജയും രേഷ്‌മയും തമ്മിലുള്ള വിവാഹം പത്തുമാസംമുമ്പാണ്‌ നടന്നത്‌. ഇതിനിടയിലാണ്‌ സുജയുടെ ആദ്യ കാമുകി കോയമ്പത്തൂര്‍ എടയപ്പാളയത്തെ രാജന്റെയും ഗാന്ധിമതിയുടെയും മകളായ സുഭലക്ഷ്‌മി(18) ഭീഷണിയുമായി രംഗത്തെത്തിയത്‌. ഇരുവരെയും ജീവിക്കാന്‍ അനുവദിക്കില്ലെന്ന്‌ പറഞ്ഞ്‌ കാമുകി നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി ഇവര്‍ പോലീസില്‍ മൊഴി നല്‍കി.
തുടര്‍ന്ന്‌ സുഭലക്ഷ്‌മിയെ വക വരുത്തി ഭീഷണി ഒഴിവാക്കാനായി ഇരുവരും പദ്ധതിയിട്ടു. തുടര്‍ന്നാണ്‌ ഇരുവരും ചേര്‍ന്ന്‌ യുവതിയെ കൊലപ്പെടുത്തി നാടുവിട്ടത്‌. ബി കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്‌ സുഭ. ഫ്‌ളാറ്റിലേക്ക്‌ വിളിച്ചു വരുത്തി സുഭലക്ഷ്‌മിയെ അഞ്ചുതവണ കഴുത്തിന്‌ കുത്തിപരിക്കേല്‍പ്പിച്ചാണ്‌ കൊലപ്പെടുത്തിയത്‌. അയല്‍വാസിയാണ്‌ പോലീസിനെ വിവരമറിയിച്ചത്‌. മഹാലിംഗം പോലീസ്‌ കേസന്വേഷണവുമായി ബന്ധപ്പെട്ട്‌ തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. രേഷ്‌മയും സുജയയും മലയാളികളായതിനാല്‍ കേരളത്തിലേക്ക്‌ കടക്കാന്‍ സാധ്യതയുണ്ടന്ന്‌ മനസിലാക്കിയ തമിഴ്‌നാട്‌ പോലീസ്‌ കേരള പോലീസിന്‌ വിവരം കൈമാറി.
മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ ഇവര്‍ കണ്ണൂരിലുണ്ടെന്ന്‌ മനസിലാക്കിയ പോലീസ്‌ ഇവര്‍ സഞ്ചരിക്കുകയായിരുന്ന ടി.എന്‍.66 എ ജെ 9613 നമ്പര്‍ മോട്ടോര്‍ബൈക്ക്‌ സി.സി.ടി.വി ദൃശ്യത്തില്‍ കണ്ടെത്തുകയായിരുന്നു. ചാല ബൈപ്പാസ്‌, കണ്ണൂര്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ , ജെ.എസ്‌.പോള്‍ കോര്‍ണര്‍, മുനീശ്വരന്‍ കോവില്‍, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ റോഡുകളിലും ലോഡ്‌ജുകളിലും ഇവര്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലുമെല്ലാം പോലീസ്‌ നിരീക്ഷണവും പരിശോധനയും നടത്തി. തുടര്‍ന്ന്‌ ഇന്നലെ പുലര്‍ച്ചെ മൂന്ന്‌ മണിയോടെ ഇവര്‍ സഞ്ചരിച്ച ബൈക്ക്‌ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തുള്ള ലോഡ്‌ജ്‌ പരിസരത്ത്‌ കണ്ടെത്തുകയായിരുന്നു.
ഹോട്ടല്‍ ജീവനക്കാരോട്‌ ബൈക്കിലെത്തിയവരെ കുറിച്ച്‌ പോലീസ്‌ തിരക്കിയതോടെ വ്യക്‌തമായ വിവരങ്ങള്‍ ലഭിച്ചു. ഈ ലോഡ്‌ജില്‍ ഇവര്‍ മുറിയെടുത്ത്‌ താമസിക്കുകയായിരുന്നു. മുറിയ്‌ക്ക്‌ മുന്നിലെത്തി പോലീസ്‌ വാതിലില്‍ മുട്ടി വിളിച്ചതോടെ ഇരുവരും വാതില്‍ തുറന്ന്‌ പുറത്ത്‌ വന്നു. തുടര്‍ന്ന്‌ ടൗണ്‍ സി.ഐയും സംഘവും കസ്‌റ്റഡിയിലെടുത്ത്‌ മഹാലിംഗപുരത്ത്‌ നിന്ന്‌ വന്ന തമിഴ്‌നാട്‌ പോലീസിലെ എസ്‌. ഐമാരായ ഗണേഷമൂര്‍ത്തി, നാഗരാജ്‌ തുടങ്ങിയ സംഘത്തിന്‌ കൈമാറി. പ്രതികള്‍ സഞ്ചരിച്ച ബൈക്കും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. പ്രതികളെ മഹാലിംഗപുരം പോലീസ്‌ കോയമ്പത്തൂരിലേക്ക്‌ കൊണ്ടുപോയി.

Leave a Reply