തുണിക്കടയിൽനിന്ന് പുറത്തേക്ക് തള്ളിനിന്ന കമ്പി തട്ടി യുവതിയുടെ കണ്ണിന് ഗുരുതര പരിക്ക്

0

ഗുരുവായൂർ റോഡിൽ തുണിക്കടയിൽനിന്ന് പുറത്തേക്ക് തള്ളിനിന്ന കമ്പി തട്ടി യുവതിയുടെ കണ്ണിന് ഗുരുതര പരിക്ക്. താലൂക്ക് ആശുപത്രിയിലെ ഫാർമസിസ്റ്റായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രമ്യ(37)യുടെ കണ്ണിലാണ് ആഴത്തിൽ മുറിവേറ്റത്. ഇവരെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

നടപ്പാതയിലേക്ക് തള്ളിനിൽക്കുന്ന നിലയിലായിരുന്നു കമ്പി. രമ്യയുടെ കണ്ണിന്റെ താഴത്തെ ഭാഗം കമ്പി തറച്ച് അടർന്ന നിലയിലായിരുന്നു. മുകളിലെ ഭാഗത്തിനും കണ്ണീർഗ്രന്ഥിക്കും പരിക്കേറ്റിട്ടുണ്ട്. അങ്കമാലിയിലെ ആശുപത്രിയിൽ ഇവരെ ഒക്യുലോപ്ലാസ്റ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കാഴ്ചയ്ക്ക് തകരാറുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഗുരുവായൂരിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന രമ്യ താലൂക്ക് ആശുപത്രിയിലേക്ക് ജോലിക്ക് വരുമ്പോഴായിരുന്നു അപകടം. നടപ്പാതയിലൂടെ നടന്നുവരുമ്പോൾ നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്‌സിലെ തുണിക്കടയ്ക്ക് പുറത്ത് വസ്ത്രങ്ങൾ കൊളുത്തിയിടാനിട്ട കമ്പിയാണ് കണ്ണിൽ കൊണ്ടത്. നഗരത്തിലെ ഷോപ്പിങ് കോംപ്ലക്‌സുകൾക്കു മുന്നിൽ നടപ്പാതകൾ കൈയേറിയുള്ള കച്ചവടങ്ങളും അപകടകരമായ രീതിയിൽ സാധനങ്ങൾ നിരത്തിവയ്ക്കുന്നതും പതിവാണ്. നഗരസഭയിൽ പരാതി നൽകിയാലും നടപടിയുണ്ടാകാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Leave a Reply