മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയ്ക്കിടെ വെട്ടിച്ചുപോകാൻ ശ്രമിച്ച ബൈക്കിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീക്ക് പരിക്ക്. പെരിമ്പടാരി നെല്ലിക്കവട്ടയിൽ ജമീലയ്ക്കാണ് (64) പരിക്കേറ്റത്. തിരക്കേറിയ ജങ്ഷനിൽ അനവസരത്തിലുള്ള പരിശോധനയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മോട്ടോർവാഹനവകുപ്പിന്റെ വാഹനം തടഞ്ഞു.
ശനിയാഴ്ച രാവിലെ 11-ന് കുമരംപുത്തൂർ താഴേചുങ്കത്താണ് സംഭവം. ദേശീയപാതയും സംസ്ഥാനപാതയും കൂടിച്ചേരുന്ന ഭാഗമാണ് ഇവിടം. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് കൊടക്കാട് പൊതുവച്ചോല മുഹമ്മദ് ഷാഫി (23) ബൈക്കിൽ വെട്ടിച്ചുകടക്കാൻ ശ്രമിച്ചത്. ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന ജമീലയുടെ കാലിൽ ബൈക്കിടിക്കുകയായിരുന്നു. ഇവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലിന് പൊട്ടലുള്ളതായാണ് വിവരം.