സ്‌കൂട്ടര്‍ യാത്രികനെ വഴിയില്‍ ഇടിച്ചിട്ടു മുങ്ങാന്‍ നോക്കി; നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു ; പോലീസ് വന്നപ്പോള്‍ കാറില്‍ പോലീസ് ഉന്നതനും വനിതാഡോക്ടറും; കേസെടുക്കാതെ വിട്ടു

0


മട്ടാഞ്ചേരി: സ്‌കൂട്ടര്‍യാത്രികനായ യുവാവിനെ ഇടിച്ചിട്ട് പോലീസുദ്യോഗസ്ഥന്‍ കാറുമായി കടന്നുകളഞ്ഞുള സംഭവം വിവാദമായതോടെ കേസെടുത്ത് തോപ്പുംപടി പോലീസ്. പാണ്ടിക്കുടി സ്വദേശി വിമല്‍ ജോളി സഞ്ചരിച്ച ഇരുചക്ര വാഹനത്തിലാണു പോലീസുദ്യോഗസ്ഥന്റെ കാര്‍ ഇടിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലായിരുന്നു സംഭവം. എറണാകുളത്തുനിന്ന് തോപ്പുംപടിയിലേക്കു വരികയായിരുന്ന വിമലിന്റെ സ്‌കൂട്ടറില്‍ എതിരേ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിമല്‍ തെറിച്ചുവീണിട്ടും കാര്‍ നിര്‍ത്താതെ പോയി.

തുടര്‍ന്ന് രണ്ടുകിലോമീറ്റര്‍ അകലെ ഐലന്റ് റെയില്‍വേ ഗേറ്റിനടുത്തുവച്ച് പിന്നാലെയെത്തിയ രണ്ട് ഇരുചക്രവാഹന യാത്രക്കാര്‍ കാര്‍ തടഞ്ഞു. ഇതോടെ തോപ്പുംപടിയില്‍നിന്നു പോലീസെത്തിയെങ്കിലും കാറിലുള്ളത് ഉയര്‍ന്ന പോലീസുദ്യോഗസ്ഥനും ഒരു വനിതാ ഡോക്ടറുമാണ് എന്ന് മനസ്സിലായതോടെ അവര്‍ തിരിച്ചുപോയി.

അപകടത്തില്‍ പരുക്കേറ്റ വിമലിനെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് തോപ്പുംപടി സ്‌റ്റേഷനിലെത്തി വിമല്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് ആദ്യം തയാറായില്ല. തുടര്‍ന്ന് സംഭവം വിവാദമായതോടെ ഇന്നലെ വിമലിന്റെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലെത്തിച്ച് തെളിവെടുക്കുകയും ചെയ്തു.

കടവന്ത്ര പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.പി. മനുരാജാണു വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിനെതിരേ കേസെടുത്തതായും തോപ്പുംപടി സബ് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റിയന്‍ പി. ചാക്കോ പറഞ്ഞു.

നിയമം അറിയാവുന്നവര്‍തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ഖേദകരമാണെന്നും കേസുമായി മുന്നോട്ടു പോകുമെന്നും വിമല്‍ ജോളി പ്രതികരിച്ചു. വിമലിന്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. വയറ്റില്‍ നീര്‍ക്കെട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here