പാലക്കാട് : രണ്ടുപേരില്‍ നിന്നായി 10.25 ലക്ഷംരൂപയും 93 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിച്ചെടുത്ത കേസില്‍ മലപ്പുറം വളാഞ്ചേരി പോലീസ് സ്‌റ്റേഷനിലെ വനിതാ എ.എസ്.ഐ. അറസ്‌്റ്റില്‍. വല്ലപ്പുഴ ചൂരക്കോട് സ്വദേശിനി ആര്യശ്രീ (47) യെ ഒറ്റപ്പാലം പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഇതേതുടര്‍ന്ന് ആര്യശ്രീയെ മലപ്പുറം ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്‌തു.
പഴയന്നൂര്‍ സ്വദേശിനിയില്‍നിന്നും 93 പവനും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശിയില്‍നിന്നും 8.75 ലക്ഷം രൂപയും തട്ടിയെടുത്ത പരാതിയിലാണ് പോലീസ് നടപടി. വിദേശത്ത് എന്‍ജിനീയറായിരുന്ന കണ്ണിയംപുറം സ്വദേശിയോട് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസംതോറും 25,000 രൂപ വീതം നല്‍കാമെന്നും ആവശ്യപ്പെടുമ്പോള്‍ നിക്ഷേപിച്ച തുക മുഴുവനായി മടക്കി നല്‍കുമെന്നും വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയതെന്ന് പോലീസ് പറഞ്ഞു.
വീട് പണിയാന്‍ വായ്‌പയെടുത്തിരുന്ന പഴയന്നൂര്‍ സ്വദേശിനിയുടെ 93 പവന്‍ ആഭരണം കൈപ്പറ്റി വായ്‌പ അടച്ചു തീര്‍ക്കാമെന്നും അതിനുശേഷം ആഭരണം തിരികെ നല്‍കുമെന്നുമാണ് വാഗ്‌ദാനം ചെയ്‌തത്. അതിനിടെ മലപ്പുറം പോലീസ് സൊസൈറ്റിയില്‍ അടയ്‌ക്കാനെന്ന പേരില്‍ 50,000 രൂപയും ഭര്‍ത്താവിന് വിദേശത്ത് പോകാനായി 50,000 രൂപയും ഡ്രൈവറുടെ ചോര്‍ന്നൊലിക്കുന്ന വീട് നന്നാക്കായി 50,000 രൂപയും കൈപ്പറ്റി.
പറഞ്ഞുവിശ്വസിപ്പിച്ച പ്രകാരം ഒന്നും നടക്കാതെ വന്നതോടെയാണ് പണവും സ്വര്‍ണവും നഷ്‌ടപ്പെട്ടവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഒറ്റപ്പാലം ഇന്‍സ്‌പെക്‌ടര്‍ എം. സുജിത്തിന്റെ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതോടെ ആര്യശ്രീയെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്‌റ്റ് ചെയ്‌തത്.
വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ആര്യശ്രീയെ റിമാന്‍ഡ് ചെയ്‌തു.പട്ടാമ്പി കൊപ്പത്തെ ഒരു ജ്വല്ലറിയില്‍ നിന്നും ഇവര്‍ 15 ലക്ഷംരൂപയുടെ ചെക്ക് നല്‍കി ആഭരണങ്ങള്‍ വാങ്ങിയിരുന്നു. പിന്നീട് ചെക്ക് മടങ്ങി. ഇതുസംബന്ധിച്ച് കൊപ്പം പോലീസില്‍ പരാതിയുണ്ട്.