എക്‌സൈസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായി എത്തിയ യുവാവ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനം ഓടിച്ചു കയറ്റിയത് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക്. സംഭവത്തിൽ തലശ്ശേരി മുഴുപ്പിലങ്ങാട് സ്വദേശി ഒമർ സുൻഹറിനെ(35) അറസ്റ്റ് ചെയ്തു. മാനാഞ്ചിറയിലെ കമ്മിഷണർ ഓഫീസ് മുറ്റത്തേക്കാണ് പ്രതി വാഹനം ഓടിച്ച് കയറ്റിയത്. കാറിൽ നിന്നും 15.061 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
ബുധനാഴ്ച ഉച്ചയ്ക്ക് 2.10നാണ് നാടകീയ സംഭവം. സരോവരം ഭാഗത്ത് ലഹരിവിൽപ്പന നടക്കുന്നുവെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഈ സമയത്താണ് ഇന്നോവ ക്രിസ്റ്റ കാറിർ പ്രതി മയക്കുമരുന്ന് ഉൽപ്പന്നങ്ങളുമായി എത്തിയത്.
ഡാൻസാഫ് സംഘത്തിന്റെയും കമ്മിഷണർ ഉമേഷിന്റെയും സഹായത്തോടെ എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം കെ മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് സംഘം തന്നെ പിന്തുടരുന്നുണ്ടെന്നു കണ്ട ഒമർ കാർ കമ്മിഷണർ ഓഫീസിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.