യുവതിയുടെ വീട്ടിൽ കയറി നിരന്തരം അതിക്രമം കാട്ടുന്ന എസ്‌ഐ.ക്കെതിരേ വലിയമല പൊലീസ് കേസെടുത്തു

0

യുവതിയുടെ വീട്ടിൽ കയറി നിരന്തരം അതിക്രമം കാട്ടുന്ന എസ്‌ഐ.ക്കെതിരേ വലിയമല പൊലീസ് കേസെടുത്തു. മന്നൂർക്കോണം സ്വദേശിയും ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ.യുമായ ഷാനിഫിനെതിരേയാണ് കേസെടുത്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലുപേർക്കെതിരേയും കേസെടുത്തിട്ടുണ്ട്. മന്നൂർക്കോണം സ്വദേശിനിയെയാണ് ഷാനിഫ് വീട്ടിൽ കയറി ആക്രമിച്ചത്.

വഴിത്തർക്കത്തിന്റെ പേരിലാണ് ഇയാൾ അയൽവാസിയായ യുവതിയെ നിരന്തരം ഉപദ്രവിക്കുന്നത്. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. രണ്ടുവർഷക്കാലമായി വഴിത്തർക്കത്തിന്റെ പേരിൽ നിരന്തരം ഉപദ്രവിക്കുന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടര മണിയോടെ ഷാനിഫും സുഹൃത്തുക്കളും ചേർന്ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകടന്നു. തുടർന്ന് മുറ്റത്തു സൂക്ഷിച്ചിരുന്ന വീട്ടുപകരണങ്ങൾ അടിച്ചു നശിപ്പിച്ചു. ബഹളം കേട്ട് പുറത്തിറങ്ങിയ യുവതിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു.

ഓരോ തവണയും വലിയമല പൊലീസ് ഷാനിഫിനെ സ്റ്റേഷനിലേക്കു വിളിപ്പിക്കാറുണ്ടെങ്കിലും ഇയാൾ ഇതുവരെ ഹാജരായിട്ടില്ല. ഭർത്താവ് വിദേശത്തായതിനാൽ യുവതിയും മകളും മാത്രമാണ് വീട്ടിലുള്ളത്. തന്നെയും മകളെയും വണ്ടിയിടിച്ചു കൊലപ്പെടുത്തുമെന്ന് ഷാനിഫ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. നേരത്തെയും നിരവധിതവണ ഇയാൾ വീട്ടിൽ കയറി അക്രമം കാട്ടിയിരുന്നതായും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും യുവതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here