സംസ്‌ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധിക്കു സാധ്യത

0

കത്തുന്ന ചൂടില്‍ വൈദ്യുതി ഉപയോഗം പ്രതിദിനം വര്‍ധിച്ചതോടെ സംസ്‌ഥാനത്ത്‌ വൈദ്യുതി പ്രതിസന്ധിക്കു സാധ്യത. ഉയര്‍ന്ന നിരക്കില്‍ പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങേണ്ട നിലയിലേയ്‌ക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌. അങ്ങനെ വന്നാല്‍ വൈദ്യുതി ചാര്‍ജ്‌ വര്‍ധനയ്‌ക്കും സാധ്യതയുണ്ട്‌.
സംസ്‌ഥാനത്ത്‌ 13 ന്‌ 10.0302 കോടി യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഉപയോഗിച്ചതെങ്കില്‍ തിങ്കളാഴ്‌ച 10.035 കോടി യൂണിറ്റായി ഉയര്‍ന്നു. ഇന്നലെയും വൈദ്യുതി ഉപയോഗം ഉയര്‍ന്നു തന്നെയാണ്‌ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയ 9.230 കോടി യൂണിറ്റായിരുന്നു ഇതുവരെയുള്ള സര്‍വകാല റെക്കോര്‍ഡ്‌. ഈ വര്‍ഷം അത്‌ പലവട്ടം തിരുത്തിക്കഴിഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ഉപയോഗിച്ചതിനേക്കാള്‍ ഏതാണ്ട്‌ എട്ടു ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഇത്തവണ ഉപയോഗിച്ചത്‌. തുടര്‍ച്ചയായി വേനല്‍ മഴ കിട്ടിയാലേ വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടാകൂ.ഒറ്റപ്പെട്ട മഴ ചൂട്‌ വര്‍ദ്ധിപ്പിക്കും.
വൈകിട്ട്‌ ആറു മുതല്‍ രാത്രി 8.30 വരെയുള്ള പീക്ക്‌ അവറിലായിരുന്നു കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ രാത്രി 8.30 മുതല്‍ 11 വരെയാണ്‌. ഇതാണ്‌ കെ.എസ്‌.ഇ.ബിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്‌. ഇത്‌ അതിജീവിക്കാന്‍ ആറു മുതല്‍ 10 രൂപ വരെ യൂണിറ്റിന്‌ ചെലവഴിച്ചാണ്‌ വൈദ്യുതി ഇപ്പോള്‍ പുറത്തുനിന്ന്‌ വാങ്ങുന്നത്‌.
വൈദ്യുതി ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചതോടെ വൈദ്യുതി ബില്‍ കുത്തനെ ഉയരുന്നത്‌ ജനങ്ങളെയും പ്രതിസന്ധിയിലാക്കും.
അധികവിലയ്‌ക്ക്‌ വൈദ്യുതി വാങ്ങുന്നതിനാല്‍ വൈദ്യുതി ചാര്‍ജില്‍ ഇത്‌ പ്രതിഫലിക്കും.അവധിക്കാലമായതിനാല്‍ വൈദ്യുതി ഉപയോഗം ഇനിയും ഉയരുമെന്നാണ്‌ കരുതുന്നത്‌. ജലവൈദ്യുത പദ്ധതികളില്‍നിന്നുള്ള പ്രതിദിന ഉല്‍പ്പാദനം 28.638 ദശലക്ഷം യൂണിറ്റാണ്‌. ശേഷിക്കുന്ന വൈദ്യുതി പുറത്തുനിന്ന്‌ വാങ്ങുന്നു. ഇടുക്കിയില്‍നിന്ന്‌ 14.01 ദശലക്ഷം യൂണിറ്റും ശബരിഗിരിയില്‍നിന്ന്‌ 5.7 ദശലക്ഷം യൂണിറ്റും പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും മതിയാവാതെ വരുന്നുണ്ട്‌.
ജലവൈദ്യുതി പദ്ധതികളില്‍നിന്നുള്ള ഉല്‍പ്പാദനം പീക്ക്‌ അവറുകളില്‍ വര്‍ധിപ്പിച്ചും പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങിയുമാണ്‌ കെ.എസ്‌.ഇ.ബി മുന്നോട്ടു പോകുന്നത്‌.
യൂണിറ്റിന്‌ 10 രൂപയ്‌ക്ക്‌ മുകളില്‍ വൈദ്യുതി വാങ്ങേണ്ട അവസ്‌ഥയിലേക്ക്‌ ഇതേവരെ എത്തിയിട്ടിെല്ലങ്കിലും ഈ സ്‌ഥിതി തുടര്‍ന്നാല്‍ അത്‌ വിദൂരമാകില്ല. പ്രതിദിന ഉപയോഗം വരുംദിവസങ്ങളില്‍ 5,000 മെഗാവാട്ടിലെത്തുമെന്നാണ്‌ കണക്കുകൂട്ടല്‍. കെ.എസ്‌.ഇ.ബിയുടെ ജലസംഭരണികളില്‍ വെള്ളം കുറയുന്നതും ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്‌. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറവ്‌ ജലനിരപ്പാണ്‌ ഇപ്പോള്‍. ആകെ സംഭരണശേഷിയുടെ 35 ശതമാനം വെള്ളമാണ്‌ ഇടുക്കിയിലുള്ളത്‌. മറ്റുള്ള സംഭരണികളിലും വെള്ളം കുറയുകയാണ്‌.

Leave a Reply