മീഡിയവൺ ചാനലിനെ വിലക്കിയ കേന്ദ്രസർക്കാർ നടപടി സുപ്രിംകോടതി റദ്ദാക്കി

0

മീഡിയവൺ ചാനലിനെ വിലക്കിയ കേന്ദ്രസർക്കാർ നടപടി സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോലി എന്നിവർ അടങ്ങിയ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജനാധിപത്യത്തിൽ മാധ്യസ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും സുപ്രിംകോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.

മീഡിയവണിന്റെ ലൈസൻസ് നാലാഴ്ചയ്ക്കകം പുതുക്കിനൽകണമെന്നും സുപ്രിംകോടതി ഉത്തരവിൽ വ്യക്തമക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി 31നാണ് മീഡിയവണിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചത്. കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചതോടെ മീഡിയവൺ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി വിധി കഴിഞ്ഞ വർഷം മാർച്ച് 15നാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

നേരത്തെ മീഡിയ വൺ ചാനലിന് ലൈസൻസ് പുതുക്കി നൽകാത്തതിന് കാരണമായ എല്ലാ ഫയലുകളും അടക്കം സുപ്രീംകോടതി വിളിച്ചു വരുത്തി പരിശോധിച്ചിരുന്നു. 2022 നവംബർ മൂന്നിനാണ് വാദം പൂർത്തിയായ കേസ് വിധി പറയാനായി സുപ്രീംകോടതി രണ്ടംഗ ബെഞ്ച് മാറ്റിയത്. ചാനലിനെതിരെ കേന്ദ്ര സർക്കാറിന്റെ മുദ്രവെച്ച കവറിലെ ആരോപണങ്ങൾ അവ്യക്തമാണെന്നാണ് ബെഞ്ച് അന്ന് നിരീക്ഷിച്ചത്. സുരക്ഷ അനുമതി നിഷേധിക്കുന്നതിന് കാരണമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലിലെ ചില പേജുകൾ പരിശോധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

ഫയലിലെ 807-08 പേജും 839-840 പേജുകളിലെ മിനിറ്റ്‌സും പരിശോധിച്ച സുപ്രീംകോടതി ബെഞ്ച് ആരോപണങ്ങൾ തിരിച്ചറിയത്തക്കതല്ലെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചതും ഓർമിപ്പിച്ചു. സുരക്ഷ ഭീഷണിയുണ്ടെങ്കിൽ ഡൗൺലിങ്കിങ് ലൈസൻസ് പുതുക്കി നൽകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ എതിർസത്യവാങ്മൂലം സമർപ്പിക്കാത്തതിൽ ജസ്റ്റിസ് ഹിമ കോഹ്‌ലി അത്ഭുതം പ്രകടിപ്പിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ എഴുതി നൽകുകയായിരുന്നു. ഇത് വിചിത്രമാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഇങ്ങനെ നൽകുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും ഹിമ കോഹ്‌ലി അഭിപ്രായപ്പെട്ടു.

അപ്‌ലിങ്കിങ് പുതുക്കാൻ സുരക്ഷ അനുമതി വേണ്ടെന്നാണ് ഹരജിക്കാരായ മാധ്യമം ബ്രോഡ്കാസ്റ്റിങ് കോർപറേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരങ്ങൾ കൈമാറുന്ന പോസ്റ്റ്ഓഫീസായി വാർത്ത വിതരണ മന്ത്രാലയം മാറിയെന്ന് കേരള പത്രപ്രവർത്തക യുനിയന്റെ അഭിഭാഷകനായ മുകുൾ റോത്തഗിയും വാദിച്ചു.

പത്ത് വർഷം കൊണ്ട് വിപണിയിൽ സദ്‌പേരും വിശ്വാസ്യതയുമുണ്ടാക്കിയ മീഡിയാവൺ ചാനലിന് ലൈസൻസ് പുതുക്കൽ പ്രധാനമാണെന്ന് സുപ്രീംകോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. ചാനൽ പത്ത് വർഷം കൊണ്ടുണ്ടാക്കിയ സദ്‌പേരുണ്ട്. വിപണിയിൽ നേടിയ വിശ്വാസ്യതയുണ്ട്. അവർ നിക്ഷേപമിറക്കിയിട്ടുണ്ട്. ആളുകൾക്ക് തൊഴിൽ നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നു. സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചാൽ പോലും ഒരു പൗരന് മുമ്പിലുള്ള പരിഹാരമെന്താണെന്നും വ്യക്തമാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

Leave a Reply