എലത്തൂർ ട്രെയിൻ തീവയ്‌പ്പിന് പിന്നിലെ കാരണം അജ്ഞാതം

0

എലത്തൂർ ട്രെയിൻ തീവയ്‌പ്പിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതം. സാധാരണ പ്രതിയെ പിടിച്ചാൽ എല്ലാം തെളിയുന്നതാണ്. എന്നാൽ ഡൽഹി ഷഹീൻബാഗ് സ്വദേശിയായ ഷാറുഖ് സെയ്ഫി (24) രണ്ടായിരം കിലോമീറ്ററിലേറെ സഞ്ചരിച്ച് കേരളത്തിലെത്തി തീവണ്ടി കത്തിച്ചത് ഇപ്പോഴും ദുരൂഹമാണ്.പ്രതി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നതാണ് വസ്തുത. കേസിൽ യുഎപിഎ ചുമത്താത്തതും ദുരൂഹമാണ്. അന്വേഷണ സംഘത്തിലുള്ള മറ്റുള്ളവരെ പോലും മുറിയിലേക്കു പ്രവേശിപ്പിക്കാതെയാണ് ചോദ്യം ചെയ്യൽ. അത് എന്തിനെന്ന് പോലും ആർക്കും അറിയില്ല. കുറച്ചു പേർ മാത്രമാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്.

എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ ട്രെയിനിൽ നിന്ന് വീണ് മൂന്ന് പേർ മരിച്ചതിൽ തനിക്ക് പങ്കില്ലെന്ന് ഷാറൂഖ് സെയ്ഫി പറയുന്നു. ട്രെയിനിൽ നിന്ന് ആരെയും തള്ളിയിട്ടിട്ടില്ല. ട്രെയിനിൽ നിന്ന് ആരെങ്കിലും ചാടുന്നതോ വീഴുന്നതോ താൻ കണ്ടിട്ടില്ലെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഷാറൂഖ് സെയ്ഫി ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂറെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ 14 മണിക്കൂർ സമയത്ത് എവിടെയൊക്കെ പോയി, ആരെയൊക്കെ കണ്ടു എന്നത് അന്വേഷണത്തിൽ നിർണായകമാകും. ഇക്കാര്യത്തിൽ ഷാറൂഖ് ഒരു വെളിപ്പെടുത്തലിനും തയ്യാറായിട്ടില്ല. ഷൊർണ്ണൂരിൽ പ്രതി സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവറുടെ മൊഴിയെടുത്തിട്ടുണ്ട്. കേസ് എൻ ഐ എയ്ക്ക് വിടുന്നതിൽ ഇനിയും കേരളാ പൊലീസിന് താൽപ്പര്യമില്ല.

ഫോൺ കോൾ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നിഗമനത്തിലെത്താൻ ശ്രമിക്കുകയാണെന്നുമാണ് പ്രത്യേക അന്വേഷണ സംഘം. എഡിജിപി, ഐജി, കമ്മിഷണർ അടക്കമുള്ള ഉന്നത പൊലീസ് സംഘം മാത്രമാണ് ഈ ദിവസങ്ങളിൽ ഷാറുഖ് സെയ്ഫിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. ശാരീരിക അവശതകളുണ്ടെന്ന് പ്രതി ഇന്നലെ അറിയിച്ചെങ്കിലും ഗുരുതര പ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. രക്തസാംപിളുകൾ അടക്കം ശേഖരിച്ച് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതി ലക്ഷ്യമിട്ടിരുന്നത് രണ്ട് കോച്ചുകളിൽ തീ ഇടാനെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. 3 കുപ്പികളിലായാണ് പെട്രോൾ കൊണ്ടുവന്നിരുന്നത്. ഒരു ലീറ്റർ വീതമുള്ള 2കുപ്പികളും 2 ലീറ്ററിന്റെ ഒരു കുപ്പിയുമായിരുന്നു ബാഗിൽ.

എറണാകുളം-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസിന്റെ ഡി2 കോച്ചിനും ഡി1 കോച്ചിനും ഇടയിലായിരുന്നു ബാഗ് വച്ചത്. 2 കുപ്പികൾ ഉപയോഗിച്ച് ഡി1 കോച്ചിൽ തീയിട്ട ശേഷം തിരിച്ചെത്തി ഡി2 കോച്ചിൽ കൂടി തീയിടാനായിരുന്നു നീക്കം. എന്നാൽ ഡി1 കോച്ചിലെ തീപിടിത്തത്തിനിടെ യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടയ്ക്ക് ഇയാളുടെ ബാഗ് ട്രാക്കിലേക്കു വീണു. ഈ ബാഗിൽ നിന്ന് പൊലീസ് പിന്നീട് പെട്രോൾ കുപ്പി കണ്ടെത്തി. യാത്രക്കാരുടെ നേർക്ക് പെട്രോൾ ഒഴിക്കാൻ ഉപയോഗിച്ച രണ്ട് കുപ്പികളുടെയും അടപ്പുകളിൽ ദ്വാരമിട്ട നിലയിലായിരുന്നു. എന്നാൽ 2 ലീറ്ററിന്റെ ഈ കുപ്പിയിൽ ദ്വാരമിട്ടിരുന്നില്ല.

തീവണ്ടി യാത്രക്കാർക്കുനേരെ പെട്രോളൊഴിച്ച് തീവെച്ച കേസിൽ തീവ്രവാദബന്ധം പരിശോധിക്കണമെന്ന് പൊലീസിന്റെ കസ്റ്റഡി റിപ്പോർട്ട്. പ്രതി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ഷാറൂഖ് സെയ്ഫിക്ക് കേരളത്തിൽനിന്ന് സഹായം കിട്ടിയോ എന്ന് പരിശോധിക്കണമെന്നും കേരളത്തിനകത്തും പുറത്തും തെളിവെടുപ്പ് നടത്തണമെന്നും സാക്ഷികൾക്കു മുന്നിലെത്തിച്ച് തിരിച്ചറിയണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ ആറിന് രാത്രി പത്തുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നത്. മൂന്നുപേജുള്ള റിപ്പോർട്ടാണ് മജിസ്‌ട്രേറ്റിനുമുന്നിൽ സമർപ്പിച്ചത്.

തീവയ്പിനു പിന്നിൽ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്ന് എൻ.ഐ.എയും നിലപാട് എടുത്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കേരളത്തിന് പുറത്തും അന്വേഷണം വേണമെന്ന് റിപ്പോർട്ടിലുണ്ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിലെ വിശദാംശങ്ങൾ എൻ.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്. മഹാരാഷ്ട്ര എടിസുമായും ഡൽഹി പൊലീസുമായും എൻ.ഐ.എ സംഘം ആശയവിനിമയം നടത്തി.

ട്രെയിൻ ആക്രമണം വലിയ ഒരു ആക്രമണത്തിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നോ എന്ന സംശയവും അന്വേഷണസംഘം പ്രകടിപ്പിക്കുന്നുണ്ട്. ആക്രമണം നടത്താൻ ഷാറൂക്കിന് പരിശീലനം ലഭിച്ചിട്ടില്ല എന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. കേരളത്തിലേയ്ക്ക് എത്തിയതും കുറ്റകൃത്യം നടത്തിയതും രക്ഷപ്പെട്ടതും മുന്നൊരുക്കത്തോടെയാണ്. പെട്രോൾ വാങ്ങാൻ ഷൊർണൂർ തിരഞ്ഞെടുത്ത് പോലും ബോധപൂർവമാകാം. കൂടുതൽപേരുടെ സഹായം പ്രതിക്ക് ലഭിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Leave a Reply