ആലപ്പുഴ- കണ്ണൂർ എക്‌സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടേതെന്ന് കരുതുന്ന രേഖാചിത്രം പൊലീസ് പുറത്തു വിട്ടു

0

ആലപ്പുഴ- കണ്ണൂർ എക്‌സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടേതെന്ന് കരുതുന്ന രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ഏലത്തൂരിന് സമീപം കാട്ടിലപ്പീടികയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നു. ചുവന്ന കള്ളികളുള്ള ഷർട്ട് ധരിച്ച വ്യക്തിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നിർണായക സാക്ഷി റാസിക്കിന്റെ സഹായത്തോടെയാണ് പ്രതിയുടെ രേഖചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്നാണ് സാക്ഷി റാസിക്കിൽ നിന്നും ലഭിച്ച സൂചന.

സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുമെന്ന് ഡി.ജെ.പി. അനിൽ കാന്ത് അറിയിച്ചു പ്രതികളെ സംബന്ധിച്ച ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ അവരിലേക്കെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരമേഖലാ ഐ.ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം നടന്നുവരികയാണ്. ഐ.ജി. സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ടെന്നും ഡിജിപി അറിയിച്ചു. അന്വേഷണം പെട്ടെന്ന് തന്നെ പൂർത്തിയാവും. ഏതെങ്കിലും തലത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെയെന്നുള്ളതും അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു. രേഖാ ചിത്രം അന്വേഷണത്തിൽ നിർണ്ണായകമാകും.

ഇതിനിടെയാണ് പ്രതിയുടെ സിസിടിവി ദൃശ്യങ്ങളെന്ന് കരുതുന്നതും പുറത്തു വന്നത്. ഫോൺ ചെയ്യുന്നതും ഒരു ഇരുചക്രവാഹനത്തിൽ കയറി പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഇയാളുടെ കയ്യിലൊരു ബാഗുമുണ്ട്. ഇയാൾ തന്നെയാണോ അക്രമിയെന്ന് പൊലീസും ഉറപ്പിച്ച് പറയുന്നില്ല. പക്ഷേ ദൃക്‌സാക്ഷി നൽകിയ സൂചനകളെല്ലാം യോജിക്കുന്നയാളാണ് ദൃശ്യങ്ങളിലുള്ളത്. ചുവന്ന ഷർട്ടും,തൊപ്പിയും വച്ചയാളാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്‌സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നു. ഓടുന്ന ട്രെയിനിൽ യാത്രക്കാർക്കുനേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ട്രെയിൻ നിർത്തിയ സമയത്ത് അക്രമി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.

പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പെട്രോൾ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയർഫോണും കവറും, രണ്ട് മൊബൈൽ ഫോണുകൾ, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്സ്, ടീ ഷർട്ട്, തോർത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗിൽ നിന്ന് കണ്ടെത്തിയത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ചിറയിൻകീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചൽ, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് നോട്ട് ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നോട്ട് ബുക്കിലെ കുറിപ്പിൽ കാർപെന്റർ എന്ന വാക്ക് ആവർത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

പുറത്തുവന്ന സി.സി.ടി.വി. ദൃശ്യത്തിലുള്ള വ്യക്തിയുമായി അക്രമിക്ക് സാമ്യമുണ്ടെന്ന് മറ്റൊരു ദൃക്സാക്ഷിയും പറഞ്ഞു. രൂപവും ഉയരവും ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറവും നോക്കുമ്പോൾ ദൃശ്യത്തിലുള്ളയാളുമായി അക്രമിക്ക് സാമ്യമുണ്ടെന്നായിരുന്നു സംഭവം അടുത്തുനിന്ന് കണ്ട യാത്രക്കാരൻ ലതീഷ് പറഞ്ഞത്. എന്നാൽ, തനിക്ക് പ്രതിയുടെ മുഖം വ്യക്തമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘മുഖമോ മറ്റോ തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രൂപവും ഉയരവും നോക്കുമ്പോൾ ഏകദേശം സാമ്യമുള്ളതുപോലെ തോന്നുന്നുണ്ട്. കൃത്യമായി പറയാൻ കഴിയുന്നില്ല. ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം ഏതാണ്ട് അതുതന്നയായിരുന്നു. ചുവപ്പ് നിറത്തിൽ ഡിസൈനുള്ള ഷർട്ടായിരുന്നു.’, ലതീഷ് പ്രതികരിച്ചു.

ഉയരവും വലിപ്പവുമെല്ലാം ഏതാണ്ട് സാമ്യത തോന്നുന്നുണ്ട്. മുഖം പക്ഷേ ശരിയായ രീതിയിൽ ഓർത്തെടുക്കാൻ കഴിയുന്നില്ല. മറ്റ് കാര്യങ്ങൾ ഒരുപോലെ തോന്നി. പൊലീസ് ചോദിച്ചപ്പോഴും ഇതുതന്നെയാണ് പറഞ്ഞത്. വ്യക്തമായ ദൃശ്യമല്ലല്ലോ പുറത്ത് വന്നത്. അതുകൊണ്ട് കൃത്യമായി പറയാൻ കഴിയുന്ന സാഹചര്യമല്ല ഉള്ളതെന്നും ലതീഷ് വ്യക്തമാക്കി.

Leave a Reply