കൊടുംചൂട്‌ ഇനിയും കൂടും; ജാഗ്രതാ നിര്‍ദേശം

0


തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അനുഭവപ്പെടുന്ന കൊടുംചൂട്‌ വരും ദിവസങ്ങളില്‍ വീണ്ടും ഉയര്‍ന്നേക്കും. 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്കാകും ചൂട്‌ ഉയരുക. ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന ഉഷ്‌ണതരംഗ സമാനമായ സാഹചര്യവും സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരവുമാണു താപനില ഉയര്‍ത്തുന്നത്‌. കൊടുംചൂടും ഉയര്‍ന്ന അള്‍ട്രാ വയലറ്റ്‌ വികിരണവും കുറഞ്ഞ മഴയും കാരണമാണു സംസ്‌ഥാനം ചുട്ടുപൊള്ളുന്നതെന്നാണു കാലാവസ്‌ഥാ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്‌.
ഈ മാസം 12-നാണു സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ചൂട്‌ രേഖപ്പെടുത്തിയത്‌. ഓട്ടോമാറ്റിക്‌ വെതര്‍ സ്‌റ്റേഷനില്‍നിന്നുള്ള കണക്ക്‌ പ്രകാരം 12-ന്‌ പാലക്കാട്‌ എരിമയൂരില്‍ താപനില 44.3 ഡിഗ്രി സെല്‍ഷ്യസാണ്‌. ഇതേ ദിവസം പാലക്കാട്‌, കണ്ണൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലെ പന്ത്രണ്ട്‌ സ്‌റ്റേഷനുകളിലാണ്‌ 40 ഡിഗ്രിക്കും മുകളില്‍ താപനില രേഖപ്പെടുത്തിയത്‌. ഇടുക്കി തൊടുപുഴ: 41.7 ഡിഗ്രി സെല്‍ഷ്യസ്‌, കണ്ണൂര്‍ ചെമ്പേരി: 41.3 ഡിഗ്രി എന്നിങ്ങനെയാണ്‌ കണക്ക്‌. കണ്ണൂരിലെതന്നെ ഇരിക്കൂര്‍, പാലക്കാട്‌: മണ്ണാര്‍ക്കാട്‌, ഒറ്റപ്പാലം, മലമ്പുഴ ഡാം, കൊല്ലങ്കോട്‌, പോത്തുണ്ടി ഡാം, മംഗലം ഡാം, പീച്ചി, എറണാകുളം: കൂത്താട്ടുകുളം എന്നിവിടങ്ങളിലും ബുധനാഴ്‌ച 40 ഡിഗ്രിക്ക്‌ മുകളിലെത്തി. ഇതിന്‌ അടുത്തേക്ക്‌ സംസ്‌ഥാനത്തെ പല പ്രദേശങ്ങളും ഉടന്‍ എത്തുമെന്നാണു മുന്നറിയിപ്പ്‌.ഇന്നു തൃശൂര്‍, പാലക്കാട്‌, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില നാല്‍പതിനടുത്ത്‌ എത്തും. ഇതു സാധാരണ താപനിലയേക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ്‌ വരെ കൂടുതലാണ്‌. കടുത്ത ചൂട്‌ അനുഭവപ്പെടുന്ന കോട്ടയം, കോഴിക്കോട്‌ ജില്ലകളിലും താപനില 37-39 ഡിഗ്രി വരെ എത്തും. പാലക്കാട്ടും കരിപ്പൂര്‍ വിമാനത്താവളത്തിലും ഇപ്പോള്‍ തന്നെ 40 ഡിഗ്രി സെല്‍ഷ്യസിനടുത്താണ്‌ ചൂട്‌.
അടുത്തയാഴ്‌ച വരെ ഉയര്‍ന്ന താപനിലതന്നെ തുടരാനാണ്‌ സാധ്യത. സംസ്‌ഥാനത്ത്‌ വേനല്‍ ചൂട്‌ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത്‌ നേരിട്ട്‌ ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത്‌ ഒഴിവാക്കണമെന്നാണ്‌ പ്രധാന നിര്‍ദേശം. താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്‌ഥ വകുപ്പും മുന്നറിയിപ്പ്‌ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here