സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ പട്ടികവിഭാഗ സംവരണം നാമമാത്രമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍

0

സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ അധ്യാപക, അനധ്യാപക നിയമനങ്ങളില്‍ പട്ടികവിഭാഗ സംവരണം നാമമാത്രമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍. സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അഡീഷണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

എയ്ഡഡ് കോളജുകളില്‍ പട്ടികവിഭാഗം സംവരണം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ചും ശരിവച്ചിരുന്നു. ഇതിനെതിരേ എയ്ഡഡ് കോളജ് മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിലാണു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന 10,666 എയ്ഡഡ് കോളജ് അധ്യാപകരില്‍ പട്ടികജാതി വിഭാഗക്കാര്‍ 91 ഉം പട്ടികവര്‍ഗം ആറും പേര്‍ മാത്രമാണ്. 6,089 അനധ്യാപകരില്‍ 41 പേര്‍ എസ്.സിക്കാരും ഏഴുപേര്‍ എസ്.ടിക്കാരും. അപേക്ഷകര്‍ ഇല്ലാത്തതിനാലാണു തങ്ങള്‍ നിയമനം നടത്താത്തതെന്നാണു മാനേജ്‌മെന്റുകള്‍ പറയുന്നത്. എന്നാല്‍, ഇതു ശരിയല്ലെന്നാണു കണ്ടെത്തിയത്.

ഈ വിഭാഗങ്ങളില്‍ നിരവധിപേര്‍ യോഗ്യതയുള്ളവരായി ഉണ്ട്. എന്നാല്‍, ഇവരെ നിയമിക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറാകുന്നില്ലെന്നും ഇക്കാര്യത്തില്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും അഡീ. റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികവിഭാഗം നിയമന വിഷയത്തില്‍ മാനേജ്മന്റെുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്.

ശമ്പള പരിഷ്‌കാര കമ്മിഷന്‍ കണക്കുപ്രകാരം സംസ്ഥാനത്തു സര്‍ക്കാര്‍ ശമ്പളം പറ്റുന്ന 5,15,639 ഉദ്യോഗസ്ഥരില്‍ 1,38,574 പേര്‍ ജോലി ചെയ്യുന്നത് എയ്ഡഡ് മേഖലയിലാണ്. ഇവര്‍ക്കു ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം ഏകദേശം 10,000 കോടി രൂപയാണ്.

52 സര്‍ക്കാര്‍ കോളജുകളും 180 എയ്ഡഡ് കോളജുകളും സംസ്ഥാനത്തുള്ളതില്‍ സര്‍ക്കാര്‍ കോളജുകളില്‍ 12 ശതമാനം പട്ടികജാതി, വര്‍ഗ വിഭാഗം അധ്യാപകര്‍ ഉണ്ട്. അതേസമയം, 8233 എയ്ഡഡ് കോളജ് അധ്യാപകരില്‍ 0.54 ശതമാനം മാത്രമാണു പട്ടികവിഭാഗക്കാര്‍.

സ്‌റ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടപ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ 10 ശതമാനം സംവരണം പട്ടികജാതി/ വര്‍ഗക്കാര്‍ക്കായി അനുവദിച്ചിട്ടുണ്ട്. സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് പദ്ധതിയനുസരിച്ച് ഓരോ വര്‍ഷവും വിവിധ വകുപ്പുകളില്‍ മുഖ്യമന്ത്രി ചെയര്‍മാനായുള്ള റവന്യൂ കമ്മിറ്റി യോഗം ചേര്‍ന്നു സംവരണം വിലയിരുത്താറുണ്ട്. അതേസമയം, ദളിത് വിഭാഗത്തിന് അനുകൂലമായ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണു സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചിരിക്കുന്നതെന്നാണു വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here