എറണാകുളത്തെ അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞ് അഞ്ച് ദിവസംകൂടി ആശുപത്രിയിൽ തുടരും. അഞ്ച് ദിവസം പ്രായമായ ആൺകുഞ്ഞിന് മഞ്ഞ നിറമുള്ളതിനാലാണ് ആശുപത്രിയിൽ തുടരുന്നത്. കുഞ്ഞിന് 2.75 കിലോ ഭാരമുണ്ട്.
ആരോഗ്യസ്ഥതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ ശിശുക്ഷേമസമിതിയുടെ കീഴിലുള്ള കേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റുമെന്ന് ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ കെ.എസ്. അരുൺകുമാർ പറഞ്ഞു. അവകാശികൾ എത്തിയില്ലെങ്കിൽ 30 ദിവസത്തിനു ശേഷം ദത്തു നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച രാത്രി 12.30 ഓടെയാണ് എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്നുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ കുട്ടിയെ കിട്ടിയത്. വർഷങ്ങൾക്കു ശേഷമാണ് ഈ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ലഭിച്ചത്. സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച രണ്ടാമത്തെ ഹൈടെക് അമ്മത്തൊട്ടിലാണിത്.