മിൽമ റിച്ചിന്റെ (പച്ച കവർ) വിലവർധന പിൻവലിച്ച് അധികൃതർ

0

കൊഴുപ്പു കൂടിയ പാലായ മിൽമ റിച്ചിന്റെ (പച്ച കവർ) വിലവർധന പിൻവലിച്ച് അധികൃതർ. റിച്ച് പാൽ ലീറ്ററിന് രണ്ടുരൂപ കൂട്ടിയതാണ് പിൻവലിച്ചത്. കൊഴുപ്പു കുറഞ്ഞ മിൽമ സ്മാർട് പാലിന്റെ വിലവർധന നിലനിൽക്കും. പാൽവില വർധന സർക്കാർ അറിഞ്ഞില്ലെന്നും അതു പരിശോധിക്കുമെന്നും മൃഗസംരക്ഷണ മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചിരുന്നു. തുടർന്നാണ് റിച്ച് പാലിന്റെ വിലവർധനവ് പിൻവലിച്ചത്.

മിൽമ റിച്ച് അര ലീറ്റർ പാക്കറ്റിന് 29 രൂപയിൽ നിന്ന് 30 രൂപയായും മിൽമ സ്മാർട് ഡബിൾ ടോൺഡ് (മഞ്ഞ കവർ) അര ലീറ്റർ പാക്കറ്റിന് 24 രൂപയിൽനിന്ന് 25 രൂപയായുമാണ് കൂട്ടിയത്. അതേസമയം, രണ്ടിനം നീല പാക്കറ്റുകളിലുള്ള പാലിന് വില വർധിപ്പിച്ചില്ല.

മിൽമ ഉൽപന്നങ്ങൾക്ക് സംസ്ഥാനമാകെ ഏകീകൃത പാക്കിങ്, ഡിസൈൻ എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോൾ പാൽ വില വർധിപ്പിക്കുമോ എന്നുള്ള ചോദ്യത്തിന് ‘ഇല്ലേയില്ല’ എന്നായിരുന്നു മിൽമ ചെയർമാൻ കെ.എസ്.മണി തിങ്കളാഴ്ച നൽകിയ മറുപടി. പിറ്റേന്നാണ് വില കൂട്ടിയത്. വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും 83 ശതമാനവും ക്ഷീരകർഷകർക്ക് നൽകുന്നുവെന്നും മിൽമ വ്യക്തമാക്കിയിരുന്നു

Leave a Reply