വൃദ്ധ സദനങ്ങൾ ഉൾപ്പെടെയുള്ള കെയർ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോർജ്

0


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറിയ തോതിൽ കൂടുന്നതിനാൽ വൃദ്ധ സദനങ്ങൾ ഉൾപ്പെടെയുള്ള കെയർ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജില്ലകളിലെ കെയർ ഹോമുകൾ ഗൗരവത്തോടെ കാണണം. ഒരാൾക്ക് കോവിഡ് ബാധിച്ചാൽ കെയർ ഹോമിലുള്ള എല്ലാവരേയും പരിശോധിക്കണം. അല്ലെങ്കിൽ അവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് ചേർന്ന ആരോഗ്യ വകുപ്പിന്റേയും ജില്ലാകളക്ടർമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ വകുപ്പ് സംസ്ഥാനതല, ജില്ലാതല പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ശക്തമാക്കിയിരുന്നു. സർക്കാർ സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികൾക്ക് പ്രത്യേകമായി കിടക്കകൾ മാറ്റിവയ്ക്കാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ ചില സ്വകാര്യ ആശുപത്രികൾ ചികിത്സയിലുള്ളവർക്ക് കോവിഡ് ബാധിക്കുമ്പോൾ സർക്കാർ ആശുപത്രിയിലേക്ക് പറഞ്ഞു വിടുന്നെന്ന പരാതിയുണ്ട്. ജില്ലാ കളക്ടർമാർ സ്വകാര്യ ആശുപത്രികളുടെ യോഗം വിളിച്ചുചേർത്ത് നിർദ്ദേശം നൽകണമെന്നും മന്ത്രി പറഞ്ഞു.

ജില്ലകൾ സജ്ജമാണെന്ന് കളക്ടർമാർ അറിയിച്ചു. എല്ലാ ജില്ലകളും സർജ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ആശുപത്രികൾ കോവിഡും നോൺ കോവിഡും ഒരുപോലെ കൊണ്ട് പോകണം. എറണാകുളം, തിരുവനന്തപുരം ജില്ലകൾ പരിശോധനകൾ കാര്യമായി നടത്തുന്നുണ്ട്. ഇനിയും പരിശോധനകൾ കൂട്ടണം. കേസുകൾ കൂടുന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ല. വ്യാപനശേഷി വളരെ കൂടുതലാണ്. അതിനാൽ പ്രമേഹം, രക്തസമ്മർദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. കിടപ്പ് രോഗികളുള്ള വീട്ടിലുള്ളവർ പുറത്ത് പോയി വരുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം.

പ്രമേഹം, രക്തസമ്മർദം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ മാസ്‌ക് ധരിക്കണം. ആരോഗ്യ പ്രവർത്തകർ എൻ 95 മാസ്‌ക് ധരിക്കണം. ആശുപത്രിയിൽ പോകുന്നവർ കൃത്യമായി മാസ്‌ക് ധരിക്കണം.

സംസ്ഥാനത്ത് ഇന്നലെ 2484 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. അഡിമിഷൻ കേസുകൾ ചെറുതായി കൂടുന്നുണ്ട് എങ്കിലും ആകെ രോഗികളിൽ 0.9 ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്കകളും 1 ശതമാനം പേർക്ക് മാത്രമാണ് ഐസിയു കിടക്കകളും വേണ്ടി വന്നിട്ടുള്ളതെന്നും വീണാ ജോർജ് പറഞ്ഞു.

Leave a Reply