ഇ പോസ് മെഷീൻ സംവിധാനത്തിലെ സെർവർ തകരാർ തുടർക്കഥയാകുന്നു. സെർവർ തകരാർ കാരണം റേഷൻ വിതരണം മൂന്നു ദിവസം മുടങ്ങും. സാങ്കേതിക തകരാർ പരിഹരിക്കാൻ മൂന്നു ദിവസം വേണ്ടിവരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. എൻഐസിയുടെ സെർവറിലെ തകരാർ കാരണം കഴിഞ്ഞ രണ്ടു ദിവസമായി റേഷൻ വിതരണം മുടങ്ങിയിരിക്കുകയാണ്. ഇന്ന് തകരാർ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
അടുത്ത മാസം അഞ്ചാം തീയതിവരെ റേഷൻ വിതരണം നടത്താനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. 29ന് തകരാർ പരിഹരിച്ചാലും 30ന് ഞായറാഴ്ചയും മെയ് ഒന്നിന് തൊഴിലാളി ദിനം പ്രമാണിച്ച് അവധിയുമാണ്. ഇതിനാലാണ് അഞ്ചാം തീയതി വരെ വിതരണം നടത്താൻ തീരുമാനിച്ചത്.
സെർവർ തകരാർ കാരണം രണ്ടു ദിവസങ്ങളിലായി രണ്ടു ലക്ഷം പേർക്കു മാത്രമാണു റേഷൻ വിതരണം ചെയ്യാനായത്. റേഷൻ വ്യാപാരികളുടെ ഇന്നലെ ഉച്ചയോടെ സമരം പ്രഖ്യാപിച്ച് കടകൾ അടച്ചിരുന്നു.