കഞ്ചാവു നിറച്ച വെള്ളക്കാറിനായി കൊച്ചിയിൽ തിരച്ചിൽ

0

കഞ്ചാവു നിറച്ച വെള്ളക്കാറിനായി കൊച്ചിയിൽ തിരച്ചിൽ തുടരുന്നു. 343 കിലോഗ്രാം കഞ്ചാവ് ഉള്ളിലൊളിപ്പിച്ച ആഡംബരക്കാറിനായി ബ്രഹ്മപുരത്തും പരിസരങ്ങളിലും പൊലീസ് അരിച്ചു പെറുക്കുകയാണ്. 80 മുതൽ 100 കിലോഗ്രാം കഞ്ചാവ് ഈ കാറിൽ ഉണ്ടെന്നാണു വിവരം. വിശ്വാസയോഗ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് തിരച്ചിൽ പുരോഗമിക്കുന്നത്.

ആന്ധ്രപ്രദേശിൽ നിന്ന് ടാങ്കർ ലോറിയിൽ 520 കിലോഗ്രാം കഞ്ചാവാണ് കൊച്ചിയിലെത്തിച്ചത്. ഇതിൽ ഇനിയും കണ്ടെടുക്കാനുള്ള 343 കിലോഗ്രാം കൂടി പിടിക്കാനുള്ള ഊർജിതശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ. ഈ കഞ്ചാവു വിവിധ വാഹനങ്ങളിൽ നിറച്ചു നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഒളിപ്പിച്ചിരിക്കുകയാണെന്ന വിശ്വാസയോഗ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണു തിരച്ചിൽ പുരോഗമിക്കുന്നത്. പൊലീസിന്റെയും പൊതുജനത്തിന്റെയും ശ്രദ്ധ പെട്ടെന്നു പതിയാത്ത പാർക്കിങ് ഗ്രൗണ്ടുകളിലോ ആളൊഴിഞ്ഞ പറമ്പുകളിലോ ബോഡി കവർ ഉപയോഗിച്ചു മൂടിയാണു വാഹനങ്ങൾ ഇട്ടിട്ടുള്ളതെന്നാണു വിവരം.

നഗരത്തിലെ ചില ക്വട്ടേഷൻ സംഘങ്ങളാണു വാഹനങ്ങൾ ഒളിപ്പിക്കുന്നതിനു ചുക്കാൻ പിടിച്ചതെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ പറവൂരിൽ ജില്ലാതിർത്തിയിലെത്തിയ ടാങ്കർ ലോറിയിൽ നിന്ന് ഒരു വാൻ, 2 പെട്ടി ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവയിലേക്കാണു കഞ്ചാവു മാറ്റിയത്. ഇക്കൂട്ടത്തിലെ ഒരു കാറാണു കഴിഞ്ഞ ദിവസം പള്ളുരുത്തിയിൽ പിടിയിലായത്. 177 കിലോഗ്രാം കഞ്ചാവാണ് ഇതിൽ ഒളിപ്പിച്ചിരുന്നത്. ജിപിഎസ് ഘടിപ്പിച്ചിരുന്നതിനാലാണ് ഈ വാഹനം കണ്ടെത്താനായത്. എന്നാൽ, മറ്റുള്ള വാഹനങ്ങളിൽ മിക്കതിലും ജിപിഎസ് ഇല്ലെന്നതാണു തിരച്ചിൽ ദുഷ്‌കരമാക്കുന്നത്. ഇതിനാൽ, വാഹനങ്ങൾ ഉള്ളതായി സംശയിക്കുന്ന ഓരോ പ്രദേശങ്ങളും അരിച്ചുപെറുക്കുകയേ മാർഗമുള്ളൂ.

കൊച്ചിയിലെത്തിച്ച കഞ്ചാവിൽ 300 കിലോയോളം കൊല്ലത്തേക്കു കൊണ്ടുപോകാനും ബാക്കി കൊച്ചി നഗരത്തിൽ ചില്ലറ വിൽപനയ്ക്കാർക്കായി വീതിച്ചു നൽകാനുമായിരുന്നു കടത്തുകാരുടെ പദ്ധതി. എന്നാൽ, കഞ്ചാവ് എത്തുമെന്ന രഹസ്യവിവരം ലഭിച്ചതോടെ പൊലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണം ശക്തമാക്കിയതു പദ്ധതി പൊളിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here