രാജസ്‌ഥാന്‍ റോയല്‍സിന്‌ 32 റണ്‍ ജയം

0

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ 32 റണ്‍ ജയം. ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത റോയല്‍സ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 202 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സൂപ്പര്‍ കിങ്‌സിന്‌ ആറ്‌ വിക്കറ്റിന്‌ 170 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
കുല്‍ദീപ്‌ യാദവ്‌ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്‌ 37 റണ്‍. ഓവറില്‍ ആകെ നാല്‌ റണ്ണാണു പിറന്നത്‌. അവസാന പന്തില്‍ ശിവം ദുബെ (33 പന്തില്‍ നാല്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 52) പുറത്തുമായി. രവീന്ദ്ര ജഡേജ 15 പന്തില്‍ 23 റണ്ണുമായി പുറത്താകാതെനിന്നു. ഓപ്പണര്‍ ഋതുരാജ്‌ ഗെയ്‌ക്വാദ്‌ (29 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 47) വെടിക്കെട്ട്‌ തുടക്കം നല്‍കിയെങ്കിലും മധ്യനിര പാളി. റോയല്‍സിനു വേണ്ടി ആഡം സാംപ മൂന്ന്‌ വിക്കറ്റും ആര്‍. അശ്വിന്‍ രണ്ട്‌ വിക്കറ്റും കുല്‍ദീപ്‌ യാദവ്‌ ഒരു വിക്കറ്റുമെടുത്തു.
43 പന്തില്‍ നാല്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 77 റണ്ണെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, 15 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 34 റണ്ണെടുത്ത ധ്രുവ്‌ ജൂറല്‍, മലയാളി ബാറ്റര്‍ ദേവദത്ത്‌ പടിക്കല്‍ (13 പന്തില്‍ പുറത്താകാതെ 27) എന്നിവരാണു രാജസ്‌ഥാനെ 200 കടത്തിയത്‌. ജയ്‌സ്വാളും ജോസ്‌ ബട്ട്‌ലറും (21 പന്തില്‍ 27) മികച്ച തുടക്കം നല്‍കി. പവര്‍ പ്ലേയില്‍ 64 റണ്ണാണു പിറന്നത്‌. ടീം സ്‌കോര്‍ അഞ്ചാം ഓവറില്‍ 50 കടന്നു. 26 പന്തില്‍ അര്‍ധ സെഞ്ചുറി കടന്ന ജയ്‌സ്വാളാണു കൂടുതല്‍ ആക്രമിച്ചത്‌.
ടീം സ്‌കോര്‍ 86 ല്‍ നില്‍ക്കേ ഓപ്പണിങ്‌ ജോഡി വേര്‍പിരിഞ്ഞു. ബട്ട്‌ലറിനെ ശിവം ദുബെയുടെ കൈയിലെത്തിച്ച്‌ രവീന്ദ്ര ജഡേജയാണു കൂട്ടുകെട്ട്‌ പൊളിച്ചത്‌. മൂന്നാമനായി ഇറങ്ങിയ നായകന്‍ സഞ്‌ജു സാംസണ്‍ നിരാശപ്പെടുത്തി. 17 പന്തില്‍ 17 റണ്ണുമായി സഞ്‌ജു തുഷാര്‍ ദേശ്‌പാണ്ഡെയ്‌ക്കു വിക്കറ്റ്‌ നല്‍കി. സഞ്‌ജു ഇഴഞ്ഞതോടെ രാജസ്‌ഥാന്‍ റോയല്‍സിന്റെ സ്‌കോറിങ്ങിനും വേഗം കുറഞ്ഞു. 14-ാം ഓവറില്‍ യശസ്വി ജയ്‌സ്വാളും പുറത്തായി. താരത്തെ ദേശ്‌പാണ്ഡെ അജിന്‍ക്യ രഹാനെയുടെ കൈയിലെത്തിച്ചു. സഞ്‌ജുവിനു പകരം ക്രീസിലെത്തിയ ഷിംറോണ്‍ ഹിറ്റ്‌മീറും (10 പന്തില്‍ എട്ട്‌) നിറംമങ്ങി. വിന്‍ഡീസ്‌ താരത്തെ മഹീഷ്‌ തീക്ഷ്‌ണ പുറത്താക്കി. അതോടെ രാജസ്‌ഥാന്‍ നാലിന്‌ 146 റണ്ണെന്ന നിലയിലായി. ധ്രുവ്‌ ജൂറലും പടിക്കലും ഒത്തുചേര്‍ന്നതോടെ ഇന്നിങ്‌സിനു പഴയ വേഗം തിരിച്ചു കിട്ടി. അവസാന ഓവറില്‍ ജൂറല്‍ റണ്ണൗട്ടായി. ആര്‍. അശ്വിന്‍ ഒരു റണ്ണുമായി പടിക്കലിനു കൂട്ടായിനിന്നു. സൂപ്പര്‍ കിങ്‌സിനായി തുഷാര്‍ ദേശ്‌പാണ്ഡെ രണ്ട്‌ വിക്കറ്റും മഹീഷ തീക്ഷ്‌ണ, രവീന്ദ്ര ജഡേജ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവുമെടുത്തു. പവര്‍പ്ലേയില്‍ സി.എസ്‌.കെ. ബൗളര്‍മാരെ തല്ലിപ്പറത്തി കൈയടി നേടാന്‍ ജയ്‌സ്വാളിനായി. ആകാശ്‌ സിങ്‌ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ രണ്ട്‌ പന്തും ജയ്‌സ്വാള്‍ ഫോറടിച്ചു. സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്‌. ധോണിയുടെ ഫീല്‍ഡിങ്‌ തന്ത്രങ്ങളെ പൊളിച്ചടുക്കിയാണ്‌ ജയ്‌സ്വാള്‍ ബാറ്റിങ്‌ നടത്തിയത്‌. അണ്ടര്‍ 19 ക്രിക്കറ്റില്‍ സഹതാരമായിരുന്ന ആകാശ്‌ സിങ്ങിനെ നേരിട്ട മുന്‍പരിചയം മുതലാക്കിയാണ്‌ താരം ബാറ്റ്‌ ചെയ്‌തത്‌.

Leave a Reply