കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി അനാച്ഛാദനം നിർവഹിച്ചു

0

തൃശൂർ പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തിൽ കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി അനാച്ഛാദനം നിർവഹിച്ചു. സ്വർണം പതിച്ച മൂന്ന് ശ്രീകോവിലുകളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു.

55 അടിയുള്ള ഹനുമാൻ പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ തൃശൂർ പൂരത്തിന് ആശംസ നേർന്നാണ് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം തുടങ്ങിയത്. തൃശൂരിന്റെ കലാസാംസ്‌കാരിക പാരമ്പര്യം ശ്രദ്ധേയമാണ്. പൗരാണിക കാലത്തിന്റെ തനിമ അണിഞ്ഞുനിൽക്കുന്ന സീതാരാമസ്വാമി ക്ഷേത്രം കാണുമ്പോൾ ഏറെ ആഹ്ലാദം തോന്നുന്നു.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായാണ് തൃശൂർ അറിയപ്പെടുന്നതെന്നും സംസ്‌കാരം ഉണ്ടായാൽ അവിടെ പാരമ്പര്യവും ആത്മീയതയും ഉണ്ടാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗായകൻ അനൂപ് ശങ്കറിന്റെ പ്രാർത്ഥനയോടെയാണ് ചടങ്ങ് തുടങ്ങിയത്.

കല്യാൺ ജൂവലേഴ്സ് സി.എം.ഡി ടി.എസ്. കല്യാണരാമൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം ട്രസ്റ്റി കൂടിയായി കല്യാൺ സിൽക്സ് എം.ഡി ടി.എസ്. പട്ടാഭിരാമൻ സ്വാഗതം പറഞ്ഞു. ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ ഭദ്രദീപം കൊളുത്തി. ടി.ആർ. രാജഗോപാൽ, ടി.എസ്. രാമകൃഷ്ണൻ, ടി.എ. ബലരാമൻ, ടി.എസ്. അനന്തരാമൻ, ഡി. മൂർത്തി, വിശ്വനാഥ അയ്യർ തുടങ്ങിയവർ സന്നിഹിതരായി. ക്ഷേത്രത്തിന് മുന്നിൽ ഹനുമാൻ പ്രതിമയിൽ വർണാഭമായ ലേസർ ഷോ അരങ്ങേറി. രാമായണത്തിലെ പ്രധാന രംഗങ്ങളാണ് ഷോയിൽ ചിത്രീകരിച്ചിട്ടുള്ളത്.

Leave a Reply