ബിയര്‍ കുപ്പികൊണ്ടുള്ള പ്രതികളുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്കു പരുക്ക്‌

0


കൊച്ചി: മോഷ്‌ടാക്കളെ പിടികൂടുന്നതിനിടെ ബിയര്‍ കുപ്പികൊണ്ടുള്ള ആക്രമണത്തില്‍ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു പരുക്ക്‌. പരുക്കേറ്റ ഈസ്‌റ്റ്‌ ട്രാഫിക്‌ എസ്‌.ഐ. അരുളും എ.എസ്‌.ഐ. റെജിയും ആശുപത്രിയില്‍ ചികിത്സ തേടി. റെജിയുടെ കൈയ്‌ക്കു പൊട്ടലുണ്ട്‌.
ഇന്നലെ രാവിലെ ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞ യുവാക്കളെ പിടികൂടുന്നതിനിടെയായിരുന്നു നാടകീയസംഭവങ്ങള്‍. പിന്തുടര്‍ന്നപ്പോള്‍ ബിയര്‍ കുപ്പികൊണ്ട്‌ എറിയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീടു പ്രതികളെ മാമംഗലത്തെ കെട്ടിടത്തില്‍നിന്നു പാലാരിവട്ടം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തമിഴ്‌നാട്‌ ശിവഗംഗ മനമധുരെ സ്വദേശി പോള്‍ കണ്ണന്‍ (28), തമിഴ്‌നാട്‌ ശിവഗംഗ ആലിംഗുളം സ്വദേശി സായ്‌ രാജ്‌ (22) എന്നിവരാണ്‌ പിടിയിലായത്‌. ഇവര്‍ നിരവധി പിടിച്ചുപറിക്കേസുകളില്‍ പ്രതികളാണെന്നാണു സൂചന.
ചളിക്കവട്ടം വായനശാല റോഡിനു സമീപത്ത്‌ ആര്‍ വണ്‍ ഫൈവ്‌ ബൈക്കിലെത്തിയ പ്രതികള്‍ രാവിലെ 7.40നാണ്‌ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നത്‌. ഇടപ്പള്ളി ഭാഗത്തേക്കു പ്രതികള്‍ കടന്നിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന്‌ പോലീസ്‌ നഗരമാകെ തെരച്ചില്‍ ശക്‌തമാക്കി. ഇതിനിടെ ഇടപ്പള്ളിയില്‍ സിഗ്‌നല്‍ കാത്തു നിന്ന മോഷ്‌ടാക്കളെ ഇതുവഴി വന്ന പാലാരിവട്ടം എസ്‌.എച്ച്‌.ഒയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടു. ജീപ്പില്‍നിന്ന്‌ ഇറങ്ങി സി.പി.ഒ: സതീഷ്‌ റോഡ്‌ മുറിച്ചുകടന്നു തടയാന്‍ ശ്രമിക്കവേ ബൈക്ക്‌ മറിഞ്ഞു. കണ്ണനു പിറകെ പോലീസുകാരന്‍ ഓടുന്നത്‌ കണ്ട്‌ കളമശേരി എസ്‌.എച്ച്‌.ഒയും പിന്തുടര്‍ന്നു. ഇതിനിടെ ബൈക്കുമായെത്തിയ സായ്‌ രാജ്‌ കണ്ണനെ രക്ഷപ്പെടുത്തി പി.ജെ. ആന്റണി റോഡിലെത്തി. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്‌ അരുളും റെജിയും. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Leave a Reply