ജയിലിൽ കഴിയുന്ന കാമുകനെ വിവാഹം കഴിക്കണമെന്ന കാമുകിയുടെ ഹർജിയിൽ കൊലക്കേസ് പ്രതിക്ക് പരോൾ

0

ജയിലിൽ കഴിയുന്ന കാമുകനെ വിവാഹം കഴിക്കണമെന്ന കാമുകിയുടെ ഹർജിയിൽ കൊലക്കേസ് പ്രതിക്ക് പരോൾ. പരപ്പന അഗ്രഹാര ജയിലിലെ തടവുകാരനും കോലാർ സ്വദേശിയുമായ ആനന്ദിനാണ് 15 ദിവസത്തെ പരോൾ ലഭിച്ചത്. യുവതിയുടെ ഹർജി പരിഗണിച്ച കർണാടക ഹൈക്കോടതി ആനന്ദിന് പരോൾ നൽകാൻ ജയിലധികൃതരോട് നിർദേശിക്കുക ആയിരുന്നു. ബുധനാഴ്ച ആനന്ദ് പരോളിലിറങ്ങും.

കോലാർ സ്വദേശിനി നീതയാണ് ആനന്ദിന് പരോൾ നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ആനന്ദിനെ വിവാഹംകഴിച്ചില്ലെങ്കിൽ വീട്ടുകാർ മറ്റൊരു വിവാഹം കഴിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി, ആനന്ദിന്റെ അമ്മ രത്‌നമ്മയുമായി ചേർന്നാണ് ഹർജിസമർപ്പിച്ചത്. ഒമ്പതുവർഷമായി ആനന്ദുമായി പ്രണയത്തിലാണെന്നും നീത കോടതിയിൽ വ്യക്തമാക്കി. ഇരുവരുടെയും വിവാഹം തന്റെ സ്വപ്നമാണെന്നാണ് രത്‌നമ്മ ഹർജിയിൽ പറഞ്ഞത്. മറ്റൊരുകേസിൽ മൂത്തമകൻ ജയിലിലാണ്. ആനന്ദ് നീതയെ വിവാഹംകഴിക്കുന്നതോടെ തനിക്കൊരു കൂട്ടാകുമെന്നും ഹർജിയിൽ പറയുന്നു.

നേരത്തേ, ഇതേ ആവശ്യവുമായി നീത ജയിലധികൃതരെ സമീപിച്ചിരുന്നെങ്കിലും വിവാഹത്തിന് പരോളനുവദിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്. കോലാറിൽനടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് 2017-ലാണ് ആനന്ദ് അറസ്റ്റിലായത്. കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ പത്തുവർഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.

Leave a Reply