മാപ്പു പറയില്ല; ചില്ലിക്കാശ് നഷ്ടപരിഹാരം നല്‍കില്ല, 10% ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ’ വക്കീല്‍ നോട്ടീസിന് സ്വപ്നയുടെ മറുപടി

0


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മാപ്പുപറയാന്‍ തയാറല്ലെന്നു സ്വപ്ന സുരേഷിന്റെ മറുപടി. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ചില്ലിക്കാശ് പോലും നഷ്ടപരിഹാരമായി നല്‍കില്ലെന്നും സ്വപ്ന മറുപടി നല്‍കി. പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം വി ഗോവിന്ദൻ കേസിന് പോകുമോ എന്ന് കാത്തിരിക്കുന്നു എന്ന് കത്തിലൂടെ സ്വപ്ന സൂചിപ്പിച്ചു.

ആരാണ് എം വി ഗോവിന്ദനെന്നോ അദ്ദേഹത്തിന്റെ പാർട്ടി പദവിയെന്തെന്നോ മുമ്പ് അറിയുമായിരുന്നില്ല എന്ന് മറുപടി കത്തിലൂടെയും സ്വപ്ന ആവർത്തിച്ചു. അതിനാൽത്തന്നെ സമൂഹത്തിൽ നല്ല പേരിന് കോട്ടം തട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനിൽക്കില്ല. വിജേഷ് പിള്ളയെ എം വി ഗോവിന്ദൻ അയച്ചു എന്ന് ഫേസ്ബുക്ക് ലൈവിൽ താന്‍ പറഞ്ഞിട്ടില്ല. തന്നെ എം വി ഗോവിന്ദൻ അയച്ചുവെന്ന് വിജേഷ് പിള്ള പറഞ്ഞുവെന്നാണ് പറഞ്ഞത്. അതിനാൽ എം വി ഗോവിന്ദൻ അയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമാണെന്നാണ് സ്വപ്ന വാദിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്നയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here