കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശി അജയ് ഒരോണ്‍ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ ഒന്നരമാസമായി കഴിയുകയായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.
2007 ല്‍ ജാര്‍ഖണ്ഡില്‍ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മേഖല കമാണ്ടറാണ് പിടിയിലായ അജയ് ഒരോണ്‍. ഝാര്‍ഖണ്ഡ് പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലാകുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയെന്ന പേരില്‍ ഒന്നര മാസമായി ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന ക്യാമ്പില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. 2019ന് ശേഷം നാല് തവണ ഇയാള്‍ കോഴിക്കോട് എത്തിയിരുന്നു. ആയുധ നിയമപ്രകാരമുള്ള കേസില്‍ 11 മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട് അജയ് ഓരോണ്‍.
അതേസമയം അറസ്റ്റിലായ പ്രതിയെ കേരള പോലീസ് സംഘവും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ചോദ്യം ചെയ്തു. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ പ്രാദേശിക സഹായം കിട്ടിയോ എന്നും പരിശോധിക്കുന്നുണ്ട്. ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നീക്കം.