നാലുമാസത്തിനിടെ മലയാളസിനിമയ്ക്ക് സംഭവിച്ചത് 200 കോടി രൂപയുടെ നഷ്ടം

0

നാലുമാസത്തിനിടെ മലയാളസിനിമയ്ക്ക് സംഭവിച്ചത് 200 കോടി രൂപയുടെ നഷ്ടം. 75 ചിത്രങ്ങളിറങ്ങിയെങ്കിലും തിയേറ്ററിൽ വിജയമായത് ഒരെണ്ണം മാത്രം. എന്നിട്ടും ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമകൾ 30. തുടങ്ങാൻ കാത്തിരിക്കുന്നത് 38. രോമാഞ്ചം മാത്രമാണ് തിയേറ്ററിൽ നിന്നും ലാഭമുണ്ടാക്കിയത്. സൂപ്പർ താര ചിത്രങ്ങൾ പോലും പൊട്ടുന്നു. പല നല്ല ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നുമില്ല. പ്രണയവിലാസം പോലുള്ള സൂപ്പർ ഹിറ്റാകേണ്ട സിനിമകൾ തിയേറ്ററിൽ വന്ന് പോയതു പോലും അറിഞ്ഞില്ല. ഒടിടിയിൽ ഈ ചിത്രം കണ്ട് പ്രേക്ഷകർ അത്ഭുതപ്പെടുകയും ചെയ്തു. ഇതെല്ലാം പ്രതിസന്ധിക്ക് പുതിയ തലം നൽകുന്നു.

അടുത്ത കാലത്ത് ജിന്ന് എന്ന സിനിമയെത്തി. ഈ സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് ഒന്നും കിട്ടിയില്ല. വലിയ പ്രതിസന്ധിയിലായി നിർമ്മതാക്കൾ. നിർമ്മാണ കമ്പനിയുടെ ഓഫീസ് പോലും പൂട്ടേണ്ട അവസ്ഥയിലായി ഇവർ. മോശം മാർക്കറ്റിംഗും സിനിമകളെ ബാധിക്കുന്നുണ്ട്. പൊട്ട സിനിമകൾക്ക് വലിയ ഹൈപ്പ് കിട്ടും. അത് തിയേറ്ററിൽ പോയി കാണുന്നവർ നിരാശരാകും. അതുകൊണ്ട് തന്നെ നല്ല സിനിമകൾക്ക് നല്ല രീതിയിൽ മാർക്കിറ്റിങ് നൽകിയാലും പ്രേക്ഷകർ അത് മുഖവിലയ്‌ക്കെടുക്കില്ലെന്നതാണ് വസ്തുത. പ്രണയ വിലാസത്തിന് സംഭവിച്ചത് ഇതാണ്.

ഒരു സിനിമയുടെ മുതൽമുടക്ക് ഏറ്റവും കുറഞ്ഞത് നാലുകോടിയാണ്. ഇങ്ങനെ പോയാൽ വർഷാവസാന കണക്കെടുപ്പിൽ ഉണ്ടാകാനിടയുള്ള സഞ്ചിതനഷ്ടം ഏതാണ്ട് 500 കോടിയിലധികം. കൈയും കണക്കുമില്ലാതെ സിനിമകൾ നിർമ്മിക്കപ്പെടാൻ തുടങ്ങിയപ്പോഴാണ് തിയേറ്ററിൽ ആളുകുറഞ്ഞതെന്ന് സിനിമാപ്രവർത്തകർ പറയുന്നു. നല്ലസിനിമകൾ വരുന്നുണ്ടെങ്കിലും തിയേറ്ററിൽച്ചെന്ന് കാണാൻ പ്രേക്ഷകർ മടിക്കുന്നു. തട്ടിക്കൂട്ട് സിനിമകളുടെ പ്രളയത്തിനിടയിൽ നല്ലതെത്തിയാലും കാണാൻ ആളുണ്ടാകില്ല. ഇതിനിടെയിലും രോമാഞ്ചം സിനിമ രക്ഷപ്പെട്ടു. സോഷ്യൽ മീഡിയാ ഇടപെടലുകളാണ് രോമാഞ്ചത്തിന് തുണയായത്.

ഇതിനൊപ്പം ചില താരങ്ങളുടെ നിരുത്തരവാദപരമായ സമീപനം മലയാള സിനിമയുടെ അണിയറ പ്രവർത്തനത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതും വസ്തുതയാണ്. ഒരേ സമയം പല നിർമ്മാതാക്കൾക്ക് ഡേറ്റ് കൊടുക്കുക, ഒരിടത്തും സമയം പാലിക്കാതിരിക്കുക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരങ്ങളുടെ സംഘടനയും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാതിരിക്കുക, സിനിമയുടെ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുക എന്നിവയാണ് പ്രധാന ആരോപണങ്ങൾ. ചില താരങ്ങൾ സംവിധായകരുടെ അവകാശമായ എഡിറ്റിംഗിൽകൂടി കൈകടത്തുന്ന രീതിയും അടുത്തകാലത്ത് കൂടിവരികയാണ്. മലയാള സിനിമ നേരിടുന്ന കടുത്ത പ്രതിസന്ധി മറികടക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നതാണ് വസ്തുത.

സിനിമകളുടെ ഉത്പാദനച്ചെലവിന്റെ 10% പോലും തിയറ്ററുകളിൽ നിന്നു വരുന്നില്ല. വൻകിട മൾട്ടി സ്റ്റാർ ആക്ഷൻ ത്രില്ലർ സിനിമകൾ മാത്രം ജനം തിയറ്ററിൽ പോയി കാണുന്നു, സാധാരണ സിനിമകളെ ഒടിടിയിൽ കാണാമെന്നു വയ്ക്കുന്നു. ശരാശരി 4 കോടി ഒരു സിനിമയ്ക്ക് ഉത്പാദന ചെലവ്. അങ്ങനെ നോക്കിയാൽ വർഷം 800 കോടിയാണ് സിനിമകളിലെ മുതൽമുടക്ക്. പക്ഷേ 70 കോടി രൂപ പോലും തിയറ്റർ കലക്ഷനിൽ നിന്നു വരുന്നില്ല.

കോവിഡ് കാലത്തിനു ശേഷം മലയാളം സിനിമാ പ്രേക്ഷകരുടെ കാഴ്ച ശീലത്തിൽ വന്ന മാറ്റം സിനിമയുടെ ബിസിനസിനെ ആകെത്തന്നെ ബാധിച്ചിരിക്കുകയാണ്. 4 പേരുള്ള കുടുംബം തിയറ്ററിൽ പോയാൽ 1000 രൂപയെങ്കിലും ചെലവു വരുമെന്ന സ്ഥിതിയിൽ വീട്ടിലിരുന്നു സിനിമ കാണുന്നതിലാണു താൽപ്പര്യം. വൻ ആക്ഷൻ പടങ്ങൾക്കു മാത്രം തിയറ്ററിൽ പോകും. അന്യ ഭാഷകളിലെ ബിഗ്ബജറ്റ് പടങ്ങളാണ് ഈ സാഹചര്യം മുതലാക്കുന്നതെന്നതാണ് വസ്തുത.

മൾട്ടിപ്‌ളെക്‌സുകളുടെ മോഡലിൽ അടുത്ത കാലത്തു തിയറ്റർ നവീകരിച്ചവർ കടം തിരിച്ചടയ്ക്കാനാവാതെ പ്രതസിന്ധിയിലാണ്. തിയറ്റർ ബിസിനസിനെക്കുറിച്ചു തന്നെ പലരും പുനരാലോചനയിലാണ്.

Leave a Reply