ഏഴു പേര്‍ക്കു പുതുജീവിതമേകി കൈലാസ്‌നാഥ്‌

0


തിരുവനന്തപുരം: വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകംപേര്‍ക്കു തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ്‌നാഥ്‌ (23) മരണാനന്തരവും ഏഴു പേര്‍ക്കു പുതുജീവിതേമകുന്നു.
മസ്‌തിഷ്‌ക മരണം സംഭവിച്ചതിനെത്തുടര്‍ന്ന്‌ ബന്ധുക്കള്‍ അവയവദാനത്തിന്‌ തയാറാവുകയായിരുന്നു. തീവ്രദുഃഖത്തിലും കൈലാസ്‌നാഥിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ട്‌ വന്ന കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ പറഞ്ഞു. ” ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനായ കൈലാസ്‌ നാഥ്‌ മരണത്തിലും അനേകം പേര്‍ക്ക്‌ ജീവിതത്തില്‍ പ്രതീക്ഷയാകുകയാണ്‌. ആ ഏഴ്‌ വ്യക്‌തികള്‍ക്ക്‌ വേണ്ടി നന്ദി അറിയിക്കുന്നു. കൈലാസ്‌ നാഥിന്റെ പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്‌ക്ക്‌ കരുത്തേകും.” മന്ത്രി പറഞ്ഞു.കഴിഞ്ഞ ശനിയാഴ്‌ച വാഹനാപകടത്തെത്തുടര്‍ന്നാണ്‌ കൈലാസ്‌നാഥിനെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തിയെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്ന്‌ കൈലാസ്‌ നാഥിന്റെ ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍, പാന്‍ക്രിയാസ്‌ എന്നീ അവയവങ്ങള്‍ ദാനം നല്‍കി. കരളും 2 കണ്ണുകളും ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളജിനാണു കൈമാറിയത്‌.

Leave a Reply