മോഡിയുടെ ഭരണത്തില്‍ എല്ലാ വിഭാഗവും സന്തുഷ്ടരെന്ന് കെ.സുരേന്ദ്രന്‍; ചെകുത്താന്റെ ചിരിയെന്ന് പരിഹസിച്ച് കെ.സുധാകരന്‍

0


കോഴിക്കോട്: ഈസ്റ്റര്‍ ദിന സന്ദേശവുമായി ബിജെപി പ്രവര്‍ത്തകര്‍ ക്രൈസ്തവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ രാഷ്ട്രീയമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്തുണ ഇപ്പോഴും ബിജെപിയ്ക്കുണ്ടെന്നും മോഡിയുടെ ഭരണത്തില്‍ എല്ലാ വിഭാഗവും സന്തുഷ്ടരാണെന്നും വലിയ മാറ്റം കേരളത്തില്‍ വരുമെന്നും പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്ന പരിപാടിയുടെ ഭാഗമായി കോഴിക്കോട് റോഷന്‍ കൈനടിയുടെ വീട്ടില്‍ നിന്നാണ് കെ. സുരേന്ദ്രന്‍ സന്ദര്‍ശനം തുടങ്ങിയത്. ലത്തീന്‍ കത്തോലിക്കാ സഭയുടെ കോഴിക്കോട്ടെ ആസ്ഥാനത്ത് എത്തി വര്‍ഗ്ഗീസ് ചക്കാലക്കലുമായും താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയെയൂം സന്ദര്‍ശിച്ചിരുന്നു.

അതേസമയം ബിജെപിയുടെ ഭവന സന്ദര്‍ശനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നു. വെളുത്ത ചിരിയുമായി ബിജെപി നേതാക്കള്‍ നിങ്ങളെ സമീപിക്കുന്നുണ്ടെങ്കില്‍ അത് ചെകുത്താന്റെ ചിരിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണം എന്നാണ് കര്‍ണാടകയിലെ ബിജെപി നേതാവ് പറഞ്ഞത്. തല്ലിയിട്ട് വരുന്നവരെ സംരക്ഷിക്കാം എന്നും ബിജെപി ഉറപ്പു നല്‍കി.

ഈ പാര്‍ട്ടിയെ രക്ഷകരായി തെറ്റിദ്ധരിച്ചിരിക്കുന്ന ചെറിയൊരു വിഭാഗം ക്രിസ്തുമത വിശ്വാസികള്‍ കേരളത്തിലുമുണ്ട്. വെളുത്ത ചിരിയുമായി ബിജെപി നേതാക്കള്‍ നിങ്ങളെ സമീപിക്കുന്നുണ്ടെങ്കില്‍ അത് ചെകുത്താന്റെ ചിരിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും പറഞ്ഞു.

Leave a Reply