കോവളം ലീലാ റാവിസ് ഹോട്ടലിന് അന്താരാഷ്ട്ര പുരസ്‌കാരം

0

പ്രമുഖ പ്രവാസി വ്യവസായി ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോവളം ലീലാ റാവിസ് ഹോട്ടലിന് അന്താരാഷ്ട്ര പുരസ്‌കാരം. ലോകത്തെ അതിശയകരമായ 20 ആഡംബര ഹോട്ടലുകളിൽ കോവളം ലീല റാവിസ് എട്ടാം സ്ഥാനം നേടി. പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏകഹോട്ടലും കോവളം ലീല റാവിസാണ്.

അന്താരാഷ്ട്ര യാത്ര മാഗസിൻ ട്രാവൽ ആൻഡ് ലീഷറാണ് ആഡംബരം ഹോട്ടലുകളുടെ പട്ടിക പുറത്തിറക്കിയത്. കോവളത്തിന്റെ തീരമനോഹാരിത അല്പം പോലും ചോർന്നുപോകാതെ ആസ്വദിക്കാൻ കഴിയും എന്നതാണ് കോവളം ലീലാ റാവിസ് ഹോട്ടലിന്റെ പ്രത്യേകതയായി ട്രാവൽ ആൻഡ് ലീഷർ വിലയിരുത്തുന്നത്. ഹോട്ടലിലെ സിമ്മിങ് പൂളുകളെ കുറിച്ചും റസ്റ്ററെന്റുകളെ കുറിച്ചും സ്‌കൈബാറിനെ കുറിച്ചും പ്രത്യേക പരാമർശം നടത്തിയിട്ടുണ്ട്.ലീല റാവിസിൽ കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഖസൗകര്യങ്ങൾ ആസ്വദിക്കാം എന്നതും ബഹുമതിക്ക് കാരണമായതായി മാഗസിൻ വ്യക്തമാക്കുന്നു. സുവർണ്ണ ജൂബിലി വർഷത്തിലാണ് കോവളം ലീലാ റാവീസിനെ തേടി ഈ അന്താരാഷ്ട്ര ബഹുമതി എത്തുന്നത്.

ലോക ടൂറിസം ഭൂപടത്തിൽ നേരത്തെ തന്നെ ഇടം പിടിച്ചിട്ടുള്ള കോവളം ലീലാ റാവിസ് ഹോട്ടലിന് പുതിയ അംഗീകാരത്തോടെ കൂടുതൽ അന്താരാഷ്ട്ര പ്രശസ്തി ലഭിക്കും. പുതിയ നേട്ടം ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നുവെന്ന് കോവളം ലീലാ റാവിസ് ജനറൽ മാനേജർ ബിസ്വജിത് ചക്രബർത്തി പറഞ്ഞു. ഈ നേട്ടം കോവളം ലീലാ റാവിസിന് മാത്രമല്ല കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കൂടി പുതിയ സാധ്യതകൾ തുറന്നു തരികയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.ലോകത്തിലെ ഏറ്റവും ആധികാരികമായ ടൂറിസം മാഗസിനായിട്ടാണ് ട്രാവൽ ആൻഡ് ലീഷർ മാസിക വിലയിരുത്തപ്പെടുന്നത്. 1937 മുതൽ വിപണിയിലുള്ള മാസിക അമേരിക്കൻ ടൂറിസ്റ്റുകളുടെ അവസാന വാക്കായും വിശേഷിക്കപ്പെടുന്നു.1959ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവാണ് തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് മികച്ച ഹോട്ടൽ വേണമെന്ന് നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. തുടർന്ന് ക്ലബ് മെഡിറ്ററേനിയൻ എന്ന കൺസൾട്ടൻസി ഗ്രൂപ്പാണ് കോവളത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞതും സർക്കാർ ഉടമസ്ഥതയിൽ ഇവിടെ ഹോട്ടൽ സ്ഥാപിക്കാൻ നിർദ്ദേശിച്ചതും.

1969ൽ ഇന്ത്യൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ വിഖ്യാത ആർക്കിടെക്റ്റ് ചാൾസ് കൊറിയയാണ് ഹോട്ടലിന്റെ നിർമ്മാണം ആരംഭിച്ചത്.ഒരു തെങ്ങിനേക്കാൾ ഉയരത്തിൽ ഹോട്ടൽ കെട്ടിടം ഉയരാൻ പാടില്ലെന്നായിരുന്നു ചാൾസ് കൊറിയയുടെ നിലപാട്. അങ്ങനെ ലോകത്തെ തന്നെ അപൂർവ്വമായ കെട്ടിട സമുച്ചയം കോവളത്ത് ഉയർന്നു.

1972 ഡിസംബർ 17ന് അന്ന് മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ കോവളത്തെ അശോക ഹോട്ടൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ കോവളത്തെ സമുദ്രതീരത്തിന്റെ സൗന്ദര്യം ലോകം തിരിച്ചറിഞ്ഞു. ജാക്വലിൻ കെന്നഡി, വിന്നി മണ്ഡേല, സർ പോൾ മകാർട്ടിനി, ജോൺ കെന്നത്, ഗാൾബരേത്, പ്രൊഫസർ വാഡ്‌സൺ, ഡോ, അമർത്യ സെൻ, ജെ.ആർ.ജി ടാറ്റ, ദലൈലാമ, സ്വാമി വിഷ്ണു ദേവാനന്ദ് ( പറക്കും സ്വാമി) തുടങ്ങി അന്താരാഷ്ട്ര പ്രശസ്തി നേടിയ വ്യക്തിത്വങ്ങൾ ഈ മനോഹര തീരത്ത് താമസിക്കുന്നതിനായി കേരളം സന്ദർശിച്ചു.

2002 ൽ അന്നത്തെ കേന്ദ്രസർക്കാർ കോവളം അശോക ഹോട്ടൽ സ്വകാര്യവൽക്കരിച്ചു. 2011 ൽ ഡോക്ടർ ബി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള ആർ പി ഗ്രൂപ്പ് ഹോട്ടൽ വാങ്ങി. എന്നാൽ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല ലീലാ ഗ്രൂപ്പിന് തന്നെ നൽകിയതോടെ ലീല റാവിസ് കോവളം ഹോട്ടൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2018ൽ നാല് റോയൽ സ്യൂട്ട് കൂടി പണിതതോടെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹോട്ടൽ സൗകര്യങ്ങൾ കേരളത്തിന് സ്വന്തമായി.

Leave a Reply