മുക്കുപണ്ടം പകരം വെച്ച് 1.8 ലക്ഷം രൂപയുടെ സ്വർണം കവർന്ന വീട്ടുജോലിക്കാരി അറസ്റ്റിൽ

0

മുക്കുപണ്ടം പകരം വെച്ച് 1.8 ലക്ഷം രൂപയുടെ സ്വർണം കവർന്ന വീട്ടുജോലിക്കാരി അറസ്റ്റിൽ. വർക്കല പുന്നമൂട് കിടങ്ങിൽ പുതുവൽ വീട്ടിൽ നിന്നാണ് ജോലിക്കു നിന്ന സ്ത്രീ വീട്ടുകാരറിയാതെ സ്വർണം അടിച്ചുമാറ്റിയത്. ഈ വീട്ടിൽ ജോലിക്കു നിന്നിരുന്ന സരിത എന്ന സോജ(39) യാണ് പിടിയിലായത്. 80,000 രൂപ വിലമതിക്കുന്ന 14.5 ഗ്രാം നെക്ലസ്, 16 ഗ്രാമിന്റെ രണ്ടു വളകൾ, നാലു ഗ്രാമിന്റെ മോതിരം എന്നിവയാണ് മോഷ്ടിച്ചത്.

11 വർഷമായി ഈ വീട്ടിൽ ജോലി ചെയ്തിരുന്ന ഇവർ വീട്ടുകാരുടെ വിശ്വസ്തയായിരുന്നു. അതുകൊണ്ട് തന്നെ ഇവർ കളവ് ചെയ്തത് ആരും തിരിച്ചറിഞ്ഞില്ല. പല തവണകളായി വീട്ടുകാർക്ക് സംശയം തോന്നാത്ത തരത്തിലായിരുന്നു മോഷണം. വർക്കല കുരയയ്ക്കണ്ണി സ്വദേശി സുനിൽകുമാറിന്റെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു സരിതയ്ക്ക്. ്ഇക്കഴിഞ്ഞ മാർച്ച് 29 ന് സുനിൽകുമാറിന്റെ ഭാര്യക്ക്, ധരിക്കുന്ന വള മുക്കുപണ്ടമാണെന്നു സംശയം തോന്നി സരിതയെ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് മോഷണ കഥ പുറത്ത് വരുന്നത്.

പരസ്പര വിരുദ്ധമായി മറുപടി നൽകിയതിനെ തുടർന്നു സുനിൽകുമാർ പൊലീസിൽ പരാതി നൽകി. സുനിൽകുമാറിന്റെ ഭാര്യയും മകളും ധരിക്കുന്ന സ്വർണത്തിന്റെ അതേ മോഡലിൽ മുക്കുപണ്ടം സംഘടിപ്പിച്ച ശേഷം യഥാർഥ സ്വർണം മോഷ്ടിക്കുകയാണു സരിത ചെയ്തതെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

വള മാത്രമാണ് മോഷണം നടത്തിയത് എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബാങ്കിൽ അന്വേഷിക്കുമ്പോഴാണു ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം പണയം വച്ചതായി കണ്ടെത്തുന്നത്. സ്വർണം സ്വകാര്യ ബാങ്കിൽ പണയം വച്ചു ലഭിച്ച ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ഇവരുടെ താമസസ്ഥലത്ത് നിന്നു കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കു മറ്റാരെങ്കിലും സഹായം നൽകിയിട്ടുണ്ടാകാം എന്ന സംശയത്തിൽ പൊലീസ് തുടരന്വേഷണം നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here