ദേശീയപാതകൾ കൂടുതൽ സ്മാർട്ടാകാൻ ഒരുങ്ങുന്നു; ഒപ്ടിക് ഫൈബർ കേബിളുകൾ ഉൾപ്പെടുത്തി ഡിജിറ്റൽ ഹൈവേ

0

രാജ്യത്ത് ദേശീയപാതകൾ കൂടുതൽ സ്മാർട്ടാകാൻ ഒരുങ്ങുന്നു. ദേശീയപാതകളിൽ ഒപ്ടിക് ഫൈബർ കേബിളുകൾ (ഒഎഫ്സി) ഉൾപ്പെടുത്തിയാണ് ഡിജിറ്റൽ ഹൈവേ യാഥാർഥ്യമാക്കുന്നത്. ‘ഡിജിറ്റൽ ഹൈവേ’ പദ്ധതി സാധ്യമാക്കാൻ എൻഎച്ച്എഐയുടെ കീഴിലുള്ള നാഷണൽ ഹൈവേയ്സ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡ് (എൻഎച്ച്എൽഎംഎൽ) ദേശീയപാതകളിലുടനീളം യൂട്ടിലിറ്റി കോറിഡോറുകൾ സ്ഥാപിക്കും

2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം പതിനായിരം കിലോമീറ്റർ ‘ഡിജിറ്റൽ ഹൈവേ’ നിർമ്മാണം പൂർത്തിയാക്കാൻ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ലക്ഷ്യമിടുന്നതായി ഔദ്യോഗികക്കുറിപ്പിൽ വ്യക്തമാക്കി. 2025-ഓടെ രാജ്യത്ത് പതിനായിരം കിലോമീറ്ററിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല (ഒഎഫ്സി) സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഉൾപ്രദേശങ്ങളിലടക്കം ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുകയും വരാനിരിക്കുന്ന 5ജി, 6ജി സാങ്കേതികവിദ്യകൾ വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യംവെക്കുന്നത്.

ഡൽഹി-മുംബൈ അതിവേഗപാതയിൽ 1,367 കിലോമീറ്ററും ഹൈദരാബാദ്-ബാംഗ്ലൂർ ഇടനാഴിയിൽ 512 കിലോമീറ്ററുമാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നത്. ഒഎഫ്സി ശൃംഖലയിലൂടെ വിദൂര മേഖലകളിൽ 5ജി, 6 ജി നെറ്റ്‌വർക്ക് ലഭ്യമാകുമെന്നും കുറിപ്പിൽ പറയുന്നു. ദേശീയപാതകളിൽ ഒഎഫ്സി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഒരു കൊല്ലത്തിനുള്ളിൽ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഔദ്യോഗികക്കുറിപ്പിൽ പറയുന്നു.

ടെലികോം/ ഇന്റർനെറ്റ് സേവനങ്ങൾക്കായി പ്ലഗ് ആൻഡ് പ്ലേ അല്ലെങ്കിൽ ഫൈബർ ഓൺ ഡിമാൻഡ് മോഡൽ ഒഎഫ്സി നെറ്റ്‌വർക്ക് അനുവദിക്കും. യോഗ്യരായ ഉപയോക്താക്കൾക്ക് ഒരു വെബ് പോർട്ടലിലൂടെ നിശ്ചിത വിലയിൽ ഇന്റർനെറ്റ് ലഭ്യമാക്കും. ടെലികോം വകുപ്പുമായും ട്രായിയുമായും ഇതു സംബന്ധിച്ചുള്ള ആശയവിനിമയം നടത്തിയതായും പത്രക്കുറിപ്പിൽ പറയുന്നു.

Leave a Reply